പ്രതിപക്ഷ സഖ്യങ്ങളെ തകർക്കാനും തന്നെയും എൻസിപി (എസ്പി) നേതാവ് ശരദ് പവാറിനെയും ലക്ഷ്യമിട്ട് ബിജെപി നേതാക്കൾ അടച്ചിട്ട റൂമിൽ യോഗം ചേരുന്നതായി ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. അമിത് ഷായ്ക്കെതിരെയാണ് രൗക്ഷവിമർശനവുമായി ഞായറാഴ്ച ഉദ്ധവ് താക്കറെ രംഗത്തെത്തിയിരിക്കുന്നത്.
ജനങ്ങളാണ് തന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുകയെന്നും ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയല്ലെന്നും താക്കറെ പറഞ്ഞു. തന്നെയും (ഉദ്ധവ്) ശരദ് പവാറിനേയും രാഷ്ട്രീയമായി തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി നേതാക്കളോട് നിർദ്ദേശിച്ചതായും താക്കറെ പറഞ്ഞു.
ബിജെപിക്ക് മഹാരാഷ്ട്ര കൊള്ളയടിക്കാൻ വേണ്ടിയാണ് ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും രാഷ്ട്രീയമായി അവസാനിപ്പിക്കാൻ അമിത് ഷാ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പാർട്ടികളെ തകർക്കലും (പ്രതിപക്ഷ നേതാക്കൾ) വേട്ടയാടലും ഉൾപ്പെടുന്ന ബിജെപിയുടെ “ഹിന്ദുത്വ”ത്തോട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് യോജിച്ചിട്ടുണ്ടോ എന്ന് താക്കറെ ആശ്ചര്യപ്പെട്ടു.