ന്യൂഡൽഹി
മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറുമെന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി. ഉത്തർപ്രദേശിൽ മതം മാറ്റം തടയൽ നിയമപ്രകാരം അറസ്റ്റിലായ വ്യക്തിക്ക് ജാമ്യം നിഷേധിച്ചാണ് അലഹബാദ് ഹൈക്കോടതി വിവാദനിരീക്ഷണം നടത്തിയത്. ‘ഇത്തരം പരാമർശങ്ങൾ ഒരു കേസിന്റെ കാര്യത്തിലും നടത്താൻ പാടില്ല.
ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ ഇതുപോലെയുള്ള നിരീക്ഷണങ്ങൾക്ക് പ്രസക്തിയില്ല’–- ജസ്റ്റിസ് മനോജ്മിശ്രകൂടി അംഗമായ സുപ്രീംകോടതി ബെഞ്ച് വെള്ളിയാഴ്ച്ച നിരീക്ഷിച്ചു.
നേരത്തെ കർണാടക ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ ബംഗളൂരുവിലെ ഒരു പ്രദേശത്തെ ‘പാകിസ്ഥാൻ’ എന്ന് വിശേഷിപ്പിച്ചതും വിധവകൾക്ക് മേക്കപ്പ് വേണ്ടെന്ന പട്ന ഹൈക്കോടതിയുടെ പരാമർശവും വിവാദമായിരുന്നു.