അമരാവതി > തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ചേര്ത്തുവെന്ന ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷകസംഘത്തെ നിയമിച്ച് ആന്ധ്ര സർക്കാർ. ഒമ്പതംഗ സംഘത്തെയാണ് നിയോഗിച്ചത്. ഗുണ്ടൂര് റേഞ്ച് ഐജിയാണ് സംഘത്തലവൻ. സംഭവം വിവാദമായതോടെ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു.
തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാൻ നെയ്ക്ക് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ആരോപണം ഉന്നയിച്ചത്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രസാദം തയ്യാറാക്കാൻ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ഉപയോഗിച്ചെന്ന് ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്മെന്റ് ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. വൈഎസ്ആർ സർക്കാർ ക്ഷേത്രത്തിന്റെ പവിത്രത തകർത്തുവെന്നും നായിഡു ആരോപിച്ചിരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ശരിവച്ച് ക്ഷേത്രം ട്രസ്റ്റും രംഗത്തെത്തിയിരുന്നു. സാമ്പിളുകൾ ലാബുകളിൽ പരിശോധിച്ചപ്പോൾ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായും ക്ഷേത്രത്തിൽ പരിശോധനാ സൗകര്യങ്ങളില്ലാത്തതാണ് നെയ് വിതരണക്കാർ മുതലെടുത്തതെന്നും ക്ഷേത്രം ട്രസ്റ്റ് പറഞ്ഞു. ചന്ദ്രബാബുവിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.