പട്ന > ബിഹാറിലെ സമസ്തിപൂർ റെയിൽവേ സ്റ്റേഷന് സമീപം ജയ്നഗർ-ന്യൂഡൽഹി സ്വതന്ത്ര സേനാനി എക്സ്പ്രസിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞു. ആക്രമണത്തിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ (ഇസിആർ) ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല എന്നാണ് വിവരം.
ഇന്നലെ രാത്രി 9.30യോടെയാണ് ആക്രമണം ഉണ്ടായത്. കല്ലേറുണ്ടായയുടൻ ജാഗ്രതാ നിർദേശം നൽകി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. അൽപസമയത്തിന് ശേഷം റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
മുസഫർപൂർ – സമസ്തിപൂർ ലൈനിൽ ഓടിക്കൊണ്ടിരിക്കെ സ്റ്റേഷന്റെ ഔട്ടർ സിഗ്നിൽ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. പാൻട്രി കാറിലെയും അതിന് അടുത്തുള്ള മറ്റ് കോച്ചുകളിലെയും വിൻഡോ ഗ്ലാസുകളാണ് തകർന്നത്.