ഗുവാഹത്തി
കൈയേറ്റം ആരോപിച്ച് കുടിയൊഴിപ്പിക്കൽ ശക്തമാക്കി അസമിലെ ബിജെപി സര്‍ക്കാര്‍. ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് ഗോള്പാരയിൽ 450 കുടുംബങ്ങളിലായുള്ള 2000 പേരെ ഒഴിപ്പിച്ചത്.
സംരക്ഷിത വനമേഖലയിലെ 55 ഹെക്ടര്‍ കൈയേറിയെന്ന് ആരോപിച്ചാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍, മസ്ജിദുകള്‍, മറ്റു കെട്ടിടങ്ങള്‍ തുടങ്ങിയവ പൊളിച്ചുനീക്കി. കാമരൂപ് മെട്രോപൊളിറ്റൻ ജില്ലയില കാച്ചുതാലി ഗ്രാമത്തില്‍ 151 കുടുംബങ്ങളെ ഒഴിപ്പിച്ചു. സെപ്തംബര്‍ ആദ്യവാരം ഇവിടെ കുടിയൊഴിപ്പിക്കലിനിടെ സംഘര്‍ഷത്തില്‍ രണ്ടു പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു. ബംഗാളി മുസ്ലിങ്ങളാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്. ബംഗ്ലാദേശി മുസ്ലിങ്ങള്‍ അനധികൃതമായി കുടിയേറി പാര്‍ക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.