ന്യൂഡൽഹി
നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രംശേഷിക്കെ കോൺഗ്രസിന്റെ പ്രമുഖ ദളിത് നേതാവും സിർസ എംപിയുമായ കുമാരി ഷെൽജ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുന്നത് തിരിച്ചടിയാകുന്നു. ഷെൽജ ഇടഞ്ഞുനിൽക്കുന്നതിനാല് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗയുടെ തിങ്കളാഴ്ചത്തെ രണ്ട് റാലികൾ റദ്ദാക്കി. അനാരോഗ്യം കാരണമാണ് ഖാർഗെ പങ്കെടുക്കാത്തതെന്നാണ് കോൺഗ്രസ് വിശദീകരണം.
അതേസമയം വ്യാഴാഴ്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കർണാൽ, ഹിസാർ ജില്ലകളിലെ റാലികളിൽ പങ്കെടുക്കും. റാലികളിൽ ഷെൽജ പങ്കെടുക്കുമെന്നാണ് വിവരം. കർണാലിലെ അസാന്ത് സീറ്റിൽ ഷെൽജ അനുകൂലിയായ ഷംസേർ സിങ് ഗോഗിയാണ് മത്സരിക്കുന്നത്. തൊഹാനയിലെ പരംവീർ സിങ്, ഹിസാറിലെ സ്ഥാനാർഥി രാംനിവാസ് രാറെ എന്നിവർക്കായും അവർ പ്രചാരണം നടത്തും. ഷെൽജയുമായി ഖാർഗെ കൂടിക്കാഴ്ച നടത്തുകയും രാഹുൽഗാന്ധി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.
ഷെൽജയുടെ പരാതികൾ ഗൗരവമായി കാണുമെന്നാണ് ഹൈക്കമാൻഡ് ഉറപ്പ് നൽകി. ഹിസാറിലെ ഉക്ലാനയിൽ മത്സരിക്കാൻ ശ്രമിച്ച ഷെൽജയെ ഭുപേന്ദർ സിങ് ഹൂഡ വിഭാഗമാണ് വെട്ടിയത്.അതിനിടെ, ഷെൽജെയെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന് ആരോപിച്ച ബിഎസ്പി, ബിജെപി കക്ഷികൾ ദളിത്വോട്ടുകൾ ലക്ഷ്യമിട്ട് പ്രചരണം ശക്തമാക്കി.
മുഖ്യമന്ത്രിയാകണമെന്ന്
സുർജേവാല
കോൺഗ്രസ് നേതാക്കളുടെ തമ്മിലടി രൂക്ഷമായ ഹരിയാനയിൽ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി രാജ്യസഭാംഗം രൺദീപ് സിങ് സുർജേവാല. കുമാരി ഷെൽജയ്ക്കും ഭൂപീന്ദർ സിങ് ഹൂഡയ്ക്കും എന്നപോലെ തനിക്കും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. ഭൂരിപക്ഷം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും.–-അദ്ദേഹം പറഞ്ഞു.