ന്യൂഡൽഹി
ജമ്മു- കശ്മീർ നിയമസഭയിലേയ്ക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ബുധനാഴ്ച. ആറ് ജില്ലകളിലായി 26 മണ്ഡലങ്ങളിലെ ജനങ്ങൾ വിധിയെഴുതും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. 3,502 പോളിങ് സ്റ്റേഷനുകൾ തയ്യാറാക്കി. പൊലീസിന് പുറമേ കേന്ദ്ര സേനകൾ ഒരുക്കുന്ന ബഹുതല സുരക്ഷാ സംവിധാനങ്ങൾക്കിടെയാണ് വോട്ടെടുപ്പ്. മുൻ മുഖ്യമന്ത്രിയും നാഷണല് കോണ്ഫറന്സ് നേതാവുമായ ഒമർ അബ്ദുള്ള മത്സരിക്കുന്ന ബുദ്ഗാം, ഗന്ദേർബൽ മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില് ഉള്പ്പെടും. നൗഷേരയിൽനിന്ന് മത്സരിക്കുന്ന ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്നയും സെൻട്രൽ- ഷാൽതെങ് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറയുമാണ് ജനവിധി തേടുന്ന മറ്റ് പ്രമുഖ സ്ഥാനാർഥികൾ.