മുംബൈ > മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് മുംബൈയിലേക്കുള്ള ഗരീബ്രഥ് എക്സ്പ്രസ് ട്രെയിനിലെ എസി കോച്ചിൽ പാമ്പ്. ഞായറാഴ്ച രാവിലെ മുംബൈയിൽ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ കസാറ സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് യാത്രക്കാര്‍ പാമ്പിനെ കണ്ടത്.
അപ്പര്‍ ബര്‍ത്തിലെ കമ്പിയിൽ പാമ്പ് ചുറ്റിക്കിടക്കുന്ന വീഡിയോ വൈറലായി. ഈ സമയം അപ്പര്‍ ബര്‍ത്തിൽ ലഗേജുകള്‍ മാത്രമാണുണ്ടായിരുന്നത്. തൊട്ടുതാഴെയുള്ള സീറ്റിലും കമ്പാര്‍ട്ടുമെന്റിലും നിരവധി യാത്രക്കാരുണ്ടായിരുന്നു. കസാറ സ്റ്റേഷനു സമീപം ട്രെയിൻ നിർത്തിയപ്പോൾ സമീപത്തെ മരത്തിൽ നിന്ന് പാമ്പ് കോച്ചിലേക്ക് കയറിയതാണെന്ന് സംശയിക്കുന്നു. പാമ്പ് എസി പാനലിലേക്ക് കയറിയതോടെ ഈ കോച്ച് അടച്ചു. യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി.