തിരുവനന്തപുരം
രാജ്യത്താദ്യമായി ഒരു വനിത നിയമനിർമാണ സഭയിലെത്തിയിട്ട് തിങ്കളാഴ്ച നൂറുവർഷം തികയുന്നു. ഇതിന്റെ ശതാബ്ദി നിയമസഭ ആഘോഷിക്കും. സഭാ ടിവി തയ്യാറാക്കിയ ‘ഡോ. മേരി പുന്നൻ ലൂക്കോസ്: ചരിത്രം പിറന്ന കൈകൾ’ ഡോക്യുമെന്ററി ഒക്ടോബർ നാലിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പുറത്തിറക്കും.
1924 സെപ്തംബർ 23നാണ് മേരി പുന്നൻ ലൂക്കോസ് നിയമനിർമാണ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. ദർബാർ ഫിസിഷ്യനായിരുന്നു ഡോ. മേരി പുന്നൻ ലൂക്കോസ്. ഇവരെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്തതോടെയാണ് നിയമനിർമാണസഭകളിൽ സ്ത്രീപ്രാതിനിധ്യത്തിന് അടിത്തറ പാകിയത്.
തിരുവിതാംകൂറിലെ ആദ്യ വനിതാ ബിരുദധാരി, ലണ്ടനിൽ നിന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ വനിത, കേരളത്തിലെ ആദ്യ സിസേറിയൻ നടത്തിയ സർജൻ, തിരുവിതാംകൂർ ദർബാർ ഫിസിഷ്യനായ ആദ്യ വനിതാ സാമാജിക എന്നിങ്ങനെ പല നിലകളിലും ആദ്യസ്ഥാനക്കാരിയാണ് ഡോ. മേരി പുന്നൻ ലൂക്കോസ്.