തൃശൂർ
മുഖ്യമന്ത്രി വ്യക്തത വരുത്തിയശേഷവും പി വി അൻവർ എംഎൽഎ പ്രതികരണം നടത്തിയത് ശരിയായ നിലപാടല്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അൻവർ എൽഡിഎഫ് പാർലമെന്ററി പാർടി അംഗമാണ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. സിപിഐ എം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പാർടിയും പരിശോധിക്കുന്നുണ്ട്. എംഎൽഎ ഉയർത്തിയ വിഷയങ്ങളിൽ നടപടിക്രമം പാലിച്ച് സർക്കാർ നിലപാട് സ്വീകരിച്ചു. അത് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ പൊതുസമൂഹത്തിനും വ്യക്തത കൈവന്നു.
ഇടതുപക്ഷത്തിന്റെ ശത്രുക്കൾക്ക് ആഹ്ലാദിക്കാനുള്ള വകനൽകുന്നതായിരിക്കുകയാണ് അൻവറിന്റെ പ്രതികരണങ്ങൾ. ഇത് ഇടതുപക്ഷത്തിന്റെ പൊതുമുന്നേറ്റത്തെ ദുർബലപ്പെടുത്തും. അത് ആരു നടത്തിയാലും ശരിയല്ല. അൻവർ സ്വതന്ത്ര എംഎൽഎ ആണ്. അദ്ദേഹത്തിന് മുഖ്യമന്ത്രിയേയും പാർടി സംസ്ഥാന സെക്രട്ടറിയേയും കണ്ട് സംസാരിക്കാം.
സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ പാർടി ഇടപെടാറില്ല. നയപരമായ കാര്യങ്ങളിൽ വ്യതിയാനമുണ്ടായാൽ പാർടി പരിശോധിക്കും. ഇടതുപക്ഷത്തോട് സഹകരിക്കുന്ന സ്വതന്ത്ര എംഎൽഎമാരും മന്ത്രിയുമുണ്ട്. ഇവർ എൽഡിഎഫിന്റെ പൊതുരാഷ്ട്രീയ നിലപാടുകളോട് സഹകരിക്കുന്നവരാണെന്നും വിജയരാഘവൻ പറഞ്ഞു.