ന്യൂഡൽഹി
മണിപ്പുർ വീണ്ടും കത്തുന്നതിനിടെ സംസ്ഥാനത്തെ മൊത്തം സുരക്ഷാസംവിധാനങ്ങളെ നിയന്ത്രിക്കുന്ന ഏകീകൃത കമാൻഡിന്റെ പേരിൽ തർക്കം മുറുകുന്നു. ഏകീകൃത കമാൻഡിന്റെ നേതൃത്വം മുഖ്യമന്ത്രിക്ക് കൈമാറണമെന്ന് ഭൂരിപക്ഷം എംഎൽഎമാരും മുതിർന്ന ഉദ്യോഗസ്ഥരും ആവശ്യപ്പെടുമ്പോൾ അതിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്.
സംഘർഷങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പൊലീസിന് പുറമേ കരസേന, അസം റൈഫിൾസ്, വിവിധ കേന്ദ്ര സായുധ പൊലീസ് സേനകൾ എന്നിവരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഈ സേനകളെ മുഴുവൻ നിയന്ത്രിക്കുന്ന സംവിധാനമാണ് ഏകീകൃത കമാൻഡ്. 12 മുതിർന്ന ഉദ്യോഗസ്ഥർ അംഗങ്ങളായ ഏകീകൃത കമാൻഡിന്റെ ചുക്കാൻ പിടിക്കുന്നത് സിആർപിഎഫ് ഡയറക്ടർ ജനറൽ (ഡിജി) ആയിരുന്ന കുൽദീപ് സിങ്ങാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ താൽപര്യപ്രകാരമാണ് കുൽദീപിനെ ചുമതലയേൽപ്പിച്ചത്.
കേന്ദ്രത്തിന്റെ നിർദേശപ്രകാരം കുൽദീപ് സിങ്ങിനെ മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ സുരക്ഷാ ഉപദേഷ്ടാവായും നിയമിച്ചിരുന്നു. എന്നാൽ, കുൽദീപ് തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നെന്നും ഏകീകൃത കമാൻഡിന്റെ നിയന്ത്രണമില്ലാത്ത മുഖ്യമന്ത്രി തികച്ചും ദുർബലനാണെന്നും സംസ്ഥാന സർക്കാരിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു. സംസ്ഥാനത്തെ സുരക്ഷാസാഹചര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറുന്ന റിപ്പോർട്ടുകൾ ഡിജിപിയും സുരക്ഷാ ഉപദേഷ്ടാവും പരിഗണിക്കുന്നില്ല.
സുരക്ഷാ ഉപദേഷ്ടാവിന്റെ അമിതാധികാര പ്രയോഗങ്ങളിൽ മുഖ്യമന്ത്രി ബിരേൻ സിങ് ഇതുവരെയും പരസ്യപ്രസ്താവന നടത്തിയിട്ടില്ല. എന്നാൽ, ഈ മാസം ആദ്യം മുഖ്യമന്ത്രിയുടെ മരുമകനും എംഎൽഎയുമായ ആർ കെ ഇമോസിങ് ഏകീകൃത കമാൻഡിന്റെ ചുക്കാൻ മുഖ്യമന്ത്രിക്ക് കൈമാറണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം എട്ടിന് ഗവർണറെ സന്ദർശിച്ച എംഎൽഎമാരുടെ സംഘവും ഏകീകൃതകമാൻഡ് മുഖ്യമന്ത്രിക്ക് കൈമാറണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. കുൽദീപിനെ ചുമതലകളിൽ നിന്നും നീക്കണമെന്ന് മെയ്ത്തി, കുക്കി വിഭാഗങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.