ദക്ഷിണേഷ്യയിൽ 1994ൽ നേപ്പാളിലാണ് ആദ്യമായി കമ്യൂണിസ്റ്റുകാർ തെരഞ്ഞെടുപ്പിലൂടെ ദേശീയതലത്തിൽ അധികാരത്തിലെത്തിയത്. മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ മേഖലയിൽ ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന സ്ഥാനത്തുള്ള ദ്വീപുരാഷ്ട്രമായ ശ്രീലങ്കയിലും മാർക്സിസം ലെനിനിസം പ്രത്യയശാസ്ത്രമായി സ്വീകരിച്ചിട്ടുള്ള ഇടതുപക്ഷ പാർടി അധികാരത്തിലേറുന്നു. ജനതാ വിമുക്തി പെരമുന (ജനകീയ വിമോചന മുന്നണി)യുടെ നായകനായ അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പ്രസിഡന്റാവുമ്പോൾ ദക്ഷിണേഷ്യയിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രസക്തിയേറുകയാണ്.
നവഉദാര സാമ്പത്തിക നയങ്ങൾ തകർത്ത ശ്രീലങ്കയിൽ രണ്ടുവർഷം മുമ്പുണ്ടായ ജനകീയ പ്രക്ഷോഭത്തിന്റെ നായകനായാണ് ദിസനായകെ ദേശീയരാഷ്ട്രീയത്തിൽ സ്ഥാനമുറപ്പിച്ചത്. അഞ്ച് വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് ശതമാനം വോട്ടും പാർലമെന്റിൽ ഒരു സീറ്റും മാത്രം ലഭിച്ച ജെവിപിയുടെ നേതാവ് ഇപ്പോൾ രാജ്യത്തിന്റെ പ്രസിഡന്റാവുമ്പോൾ വലിയ പ്രതീക്ഷയാണ് ജനങ്ങളിൽ ഉളവാക്കിയിട്ടുള്ളത്.
കൊച്ചിയിൽ വിവിധ കമ്യൂണിസ്റ്റ് നേതാക്കളുടെ സമ്മേളനത്തിലെത്തിയ അനുര കുമാര ദിസനായകെ സീതാറാം യെച്ചൂരിക്കൊപ്പം (ഫയൽ ചിത്രം)
രജപക്സെ സഹോദരന്മാരുടെ സ്വേഛാധിപത്യവാഴ്ചയ്ക്ക് അന്ത്യം കുറിച്ച പ്രക്ഷോഭത്തിന് പിന്നിൽ അണിനിരന്ന യുവത ദിസനായകെയിലും ഇടതുപക്ഷത്തിലുമാണ് രാജ്യത്തിന്റെ ഭാവി കാണുന്നത് എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അസമത്വവും ആഴത്തിലുള്ള അഴിമതിയും അവസാനിപ്പിക്കും എന്ന മുദ്രാവാക്യമുയർത്തിയാണ് ദിസനായകെ ജനവിധി തേടിയത്. ശ്രീലങ്കയെ ദാരിദ്ര്യത്തിലേക്കും കടക്കെണിയിലേക്കും തള്ളിവിട്ട വലതുപക്ഷ സാമ്പത്തിക നയങ്ങളിൽ മാറ്റംവരുത്തുമെന്നും വ്യക്തമാക്കിയിരുന്നു. മുൻ കൊളോണിയൽ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ജീവിതനിലവാരം കൈവരിച്ച ശ്രീലങ്കയെ തകർത്തത് ആ ജനവിരുദ്ധ നയങ്ങളാണ്. ഐഎംഎഫ് അടക്കമുള്ള ഏജൻസികളുടെ ചെലവുചുരുക്കൽ നിർദേശങ്ങൾ അതേപടി നടപ്പാക്കില്ലെന്ന ജെവിപിയുടെ നിലപാട് വോട്ടർമാരെ ആകർഷിച്ചതിന്റെ ഫലം കൂടിയാണ് ദിസനായകെയുടെ വിജയം.
സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന ലക്ഷ്യത്തോടെ 1965ൽ ജെവിപി രൂപീകരിക്കപ്പെട്ടതിന്റെ 60–-ാം വാർഷികമാണ് അടുത്തവർഷം. മാവോയിസ്റ്റ് ആഭിമുഖ്യം പുലർത്തിയിരുന്ന പാർടി ഇക്കാലത്തിനിടെ രണ്ടുവട്ടം സായുധസമരത്തിന്റെ പാതയും സ്വീകരിച്ചിരുന്നെങ്കിലും അതുപേക്ഷിച്ചാണ് ജനാധിപത്യ ഇടതുപക്ഷ നിലപാട് സ്വീകരിച്ചത്. ആഭ്യന്തര യുദ്ധകാലത്ത് സിംഹള വംശീയതയോട് അടുത്ത നിലപാട് സ്വീകരിച്ചിരുന്നെങ്കിലും തമിഴ്, മുസ്ലീം വിഭാഗങ്ങൾക്കടക്കം തുല്യ പരിഗണന വാഗ്ദാനം ചെയ്താണ് അധികാരത്തിലെത്തുന്നത്.