കൊച്ചി> ഐഎസ്എൽ ഫുട്ബോളിൽ ശക്തരായ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജയം. ഒരു ഗോളിന് പിന്നിലായ ശേഷമായിരുന്നു തിരിച്ചുവരവ്.
കളിയിലെ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 59–ാം മിനിറ്റിൽ മലയാളി താരം പി വി വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം ഗോൾ കണ്ടെത്തിയത്. നാല് മിനിറ്റിനുള്ളിൽ 63–ാം മിനിറ്റിൽ നോഹ സദൂയി ബ്ലാസ്റ്റേഴ്സിനായി ഗോൾ മടക്കി. കളിതീരാനിരിക്കെ 88-ാം മിനിറ്റിൽ ക്വാമി പെപ്രയാണ് ടീമിന് വിജയഗോൾ സമ്മാനിച്ചത്.
ഇതോടെ ആദ്യകളിയിൽ പഞ്ചാബ് എഫ്സിയോട് സ്വന്തം തട്ടകത്തിൽ 1– 2ന് തോറ്റതിന്റെ ക്ഷീണം മാറ്റാൻ ബ്ലാസ്റ്റേഴ്സിനായി.