2019ലാണ് ജനത വിമുക്തി പെരമുന (ജെവിപി) നേതാവ് അനുര കുമാര ദിസനായകെ ആദ്യമായി ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഗോദയിൽ മത്സരത്തിനിറങ്ങുന്നത്. വെറും മൂന്ന് ശതമാനം വോട്ടു മാത്രം നേടിയായിരുന്നു മടക്കം. അഞ്ചു വർഷത്തിനിപ്പുറം ഒരിക്കൽ പോലും ശ്രീലങ്കൻ ഭരണത്തിന്റെ ഭാഗമാകാത്ത പാർട്ടിയിൽ നിന്ന് മരതക ദ്വീപിന്റെ പ്രസിഡന്റായുള്ള മാർക്സിസ്റ്റ് നേതാവിന്റെ പോരാട്ടം ചരിത്രത്തിൽ രേഖപ്പെടുത്തും.
1968 ൽ കൂലി തൊഴിലാളികളായ മാതാപിതാക്കളുടെ മകനായി തമ്പുട്ടേഗമയിലാണ് ദിസനായകെയുടെ ജനനം. സ്കൂൾ കാലം മുതൽ ജെവിപിയുമായി ചേർന്ന് പ്രവർത്തിച്ചു. വിദ്യാർത്ഥി നേതാവായി വളർന്ന ദിസനായകെ 1987ൽ പാർട്ടിൽ അംഗമായി. 1998ൽ ജെവിപി പൊളിറ്റ് ബ്യൂറോയിലുമെത്തി.
2000ൽ ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 ൽ പ്രസിഡന്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗയുടെ സർക്കാരിൽ കൃഷി മന്ത്രിയായി. സഖ്യവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2005ൽ മന്ത്രിസ്ഥാനം രാജിവച്ചു.
2019ലേറ്റ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നുമാണ് പാർലമെന്റിൽ നാമമാത്രമായ സാന്നിധ്യം മാത്രമായിരുന്ന ജെവിപി പാർടിയും അവർ നയിക്കുന്ന മുന്നണിയും ജനങ്ങളുടെ വിശ്വാസമാർജിച്ച് അധികാരത്തിലെത്തുന്നത്. അഴിമതി തുടച്ചുനീക്കി, പഴയ രാഷ്ട്രീയ സംസ്കാരങ്ങളെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായാണ് ദിസനായകെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. ജെവിപി രണ്ടുതവണയാണ് ലങ്കയിൽ ഭരണകൂടത്തിനെതിരെ കലാപങ്ങൾക്ക് നേതൃത്വം നൽകിയത്.
മഹീന്ദ രജപക്സെയുടെ കുടുംബവാഴ്ചയ്ക്ക് അറുതിവരുത്തിയ അരഗളായ മുന്നേറ്റത്തിന്റെ നേതൃത്വം ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാർട്ടിയും അവകാശപ്പെടുന്നില്ലെങ്കിലും, പൊതു പണിമുടക്കുകൾ സംഘടിപ്പിച്ചും ദിവസേന പ്രതിഷേധങ്ങൾ നടത്തി ജെവിപി സജീവ പങ്ക് വഹിച്ചിരുന്നു. അതിലൂടെ ലങ്കയിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വമാണ് ദിസനായകയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
വലതുപക്ഷ പാർടികൾക്കെതിരെ ശക്തമായ പ്രചാരണമാണ് സഖാവ് തിൽവിൻ സിൽവയുടെ നേതൃത്വത്തിലുള്ള ജെപിപിക്കു അഴിച്ചുവിടാനായത്. അങ്ങനെയൊരു സുദീർഘമായ പോരാട്ടത്തിനൊടുവിലാണ് ജെവിപിയു ദിസനായകെയും ശ്രീലങ്കയുടെ അധികാരത്തിലേറുന്നത്.