കണ്ണൂർ> അഴീക്കോടൻ രാഘവന്റെ 53-ാം രക്തസാക്ഷിദിനം തിങ്കളാഴ്ച പ്രഭാതഭേരിയോടെ പതാക ഉയർത്തിയും അനുസ്മരണയോഗങ്ങൾ സംഘടിപ്പിച്ചും ആചരിക്കും. വലതുപക്ഷ മാധ്യമങ്ങളുടെയും യുഡിഎഫ് – –ബിജെപി രാഷ്ട്രീയ കൂട്ടുകെട്ടിന്റെയും സംസ്ഥാനവിരുദ്ധ ഗൂഢാലോചന തുറന്നുകാട്ടുന്ന ക്യാമ്പയിനുകളാകും അനുസ്മരണ പരിപാടികൾ.
തിങ്കൾ രാവിലെ 8.30ന് കണ്ണൂർ പയ്യാമ്പലത്തെ രക്തസാക്ഷി സ്തൂപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന. 80 കേന്ദ്രങ്ങളിൽ അനുസ്മരണപരിപാടികളുണ്ടാകും. പൊതുയോഗം വൈകിട്ട് 5.30ന് പള്ളിക്കുന്ന് പാലത്തിനുസമീപം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്യും.