തൃശൂർ> യുഡിഎഫ് ഭരണകാലത്ത് തൃശൂർ ജില്ലാ സഹകരണ ബാങ്കിൽ പ്രോജക്ട് വായ്പയുടെ പേരിൽ നടത്തിയത് വൻകൊള്ള. വ്യവസായ, വ്യാപാര സംരംഭങ്ങൾ തുടങ്ങാനെന്ന പേരിലാണ് നിയമാനുസൃത ഈടില്ലാതെ കോടികൾ വായ്പ നൽകിയത്. ഇതിൽ വൻ കമീഷനും കൈപ്പറ്റി. കെപിസിസി അംഗം എം കെ അബ്ദുൾസലാം പ്രസിഡന്റായിരുന്ന കാലത്താണ് വൻതട്ടിപ്പെന്ന് ഇഡി കണ്ടെത്തി.
വായ്പയായി അനുവദിച്ച ഇരുനൂറോളം കോടിരൂപ തിരിച്ചടയ്ക്കാതെ കുടിശ്ശികയായി. മൊത്തം പ്രോജക്ടിന്റെ 80 ശതമാനമാണ് വായ്പ അനുവദിച്ചത്. ഇത്തരത്തിൽ വായ്പ അനുവദിക്കുമ്പോൾ വിലനിർണയം നടത്താൻ സർക്കാർ അംഗീകൃത സംവിധാനമുണ്ട്. നിശ്ചയിച്ചുനൽകിയ തുക അട്ടിമറിച്ച്, മറ്റുള്ളവരെക്കൊണ്ട് വിലനിർണയം നടത്തിയാണ് വായ്പ നൽകിയത്. ഇത്തരം സ്ഥാപനങ്ങൾ കൃത്യമായ സ്റ്റോക്ക് ലിസ്റ്റ് മാസംതോറും ബാങ്കിൽ സമർപ്പിക്കണം. എന്നാൽ പല സ്ഥാപനങ്ങളും നൽകിയില്ല. പരിശോധനയിൽ സ്ഥാപനങ്ങൾതന്നെ നിലവിലില്ലെന്ന് കണ്ടെത്തി.
പ്രാഥമിക ലിസ്റ്റ് പ്രകാരം നന്ദനം ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, വാസ്തുഹാര ഡെവലപ്പേഴ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് ലിമിറ്റഡ്, ജയ ജ്വല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എംആൻഡ് എസ് ജീക്കി പ്യൂരിഫയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, മാൻഫോർഡ് എക്സ്പോർട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ലിഷ റീജൻസി ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡ്, എം എസ് കൃഷ്ണ റിട്രീറ്റ് ആൻഡ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ വായ്പ തിരിച്ചടച്ചിട്ടില്ല. ഇഡിക്കുമുമ്പ് സംസ്ഥാന വിജിലൻസ് കേസ് അന്വേഷണം ആരംഭിച്ചിരുന്നു.