ന്യൂഡൽഹി> ബഹുരാഷ്ട്ര സ്ഥാപനമായ ഏണ്സ്റ്റ് ആൻഡ് യങ് ഇന്ത്യയിലെ (ഇവൈ) പുണെ ഓഫീസിൽ മലയാളിയായ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ (26) അമിത ജോലിസമ്മർദ്ദത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.
നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയത്തിന് കമീഷൻ നോട്ടീസയച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. മനുഷ്യാവകാശങ്ങൾ സംരക്ഷിച്ച് മാത്രമേ ബിസിനസ് നടത്താവൂ എന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
ഹരിയാനയിലും തമിഴ്നാട്ടിലും പ്രവർത്തിക്കുന്ന രണ്ട് ബഹുരാഷ്ട്ര കമ്പനികളിലെ അന്യായമായ തൊഴിൽ രീതികൾ സംബന്ധിച്ച് മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമീഷൻ ഈയിടെ കേസെടുത്തിരുന്നു.