തിരുവനന്തപുരം> ആരോപണങ്ങളില് അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം ഉചിതമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങളുടെ മാത്രം പേരിൽ ആരുടെ പേരിലും നടപടിയെടുക്കാനാവില്ല. സാധാരണഗതിയിൽ പരാതി ലഭിച്ചാൽ അവ പരിശോധിച്ച് നടപടിയെടുക്കുകയെന്നതാണ് പതിവ്.
പോലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ല. എന്നാൽ മുൻവിധിയോടെ ഒരു വിഷയത്തെയും സമീപിക്കില്ല. എസ്പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. ബാക്കി കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്.
ആരോപണ വിധേയർ ആര് എന്നല്ല പരിഗണിക്കുന്നത്. ആര് ആരോപിച്ചു എന്നതുമല്ല, എന്താണ് വിഷയം എന്താണ് തെളിവ് എന്നാണ് പരിശോധിക്കുന്നത്. നിയമവിരുദ്ധമായി ഒന്നും ഇവിടെ നടക്കില്ല. അന്വേഷണ റിപ്പോർട്ടിൽ തെറ്റ് കണ്ടാൽ ആരും സംരക്ഷിക്കപ്പെടുകയും ചെയ്യില്ല.
രാഷ്ട്രീയ ദൗത്യങ്ങൾക്കായി പോലീസിനെ അയക്കുന്നത് ഞങ്ങളുടെ രീതിയല്ലെന്നും പിണറായി വിജയന് കൂട്ടിച്ചേര്ത്തു. ഏതെങ്കിലും ഉദ്യോഗസ്ഥൻ വീഴ്ചവരുത്തിയിട്ടുണ്ടെങ്കിൽ, അത് ഔദ്യോഗിക കൃത്യ നിര്വഹണത്തെ ബാധിക്കുന്ന തരത്തിലുള്ളതാണെങ്കിൽ നിയമത്തിനും ചട്ടത്തിനും അനുസരിച്ചുള്ള നടപടിയുണ്ടാകും – അദ്ദേഹം പറഞ്ഞു.
പൂരം സംബന്ധിച്ച ആരോപണങ്ങളിലും പരിശോധന നടക്കുന്നു. നിലവില് പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ല എന്നതിനാൽ തെറ്റായ വിവരം നല്കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഈ വിഷയം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് 24 നകം സമർപ്പിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്.