ന്യൂഡൽഹി
ജഡ്ജി നിയമനവിഷയത്തിൽ കേന്ദ്രസർക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി സുപ്രീംകോടതി. ഹൈക്കോടതി ജഡ്ജിമാരാകാൻ സുപ്രീംകോടതി കൊളീജിയം ആവർത്തിച്ച് ശുപാർശ നൽകിയിട്ടും കേന്ദ്രസർക്കാർ നിയമനഉത്തരവ് പുറപ്പെടുവിക്കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ജഡ്ജിയായി നിയമിക്കാമെന്ന് കൊളീജിയം ആവർത്തിച്ച് ശുപാർശ ചെയ്തിട്ടുള്ള പേരുകൾ, എന്തുകൊണ്ടാണ് ഇതുവരെ അംഗീകരിക്കാത്തത്, ഒരോ ശുപാർശയും ഏതെല്ലാം ഘട്ടത്തിലാണ് എന്നിവയെല്ലാം ഉൾപ്പെടുത്തി വിശദമായ പട്ടിക തയാറാക്കി കൈമാറാൻ കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ജഡ്ജി നിയമനം വൈകിപ്പിക്കുന്ന കേന്ദ്രസർക്കാർ സമീപനത്തിന് എതിരായ ഹർജികളാണ് മൂന്നംഗബെഞ്ച് പരിഗണിച്ചത്.
കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്ജി ജസ്റ്റിസ് നിതിൻജാംവാളിനെ നിയമിക്കാമെന്നത് ഉൾപ്പടെയുള്ള കൊളീജിയം ശുപാർശകൾ അംഗീകരിച്ച് ഉത്തരവിറക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
നേരത്തെ, ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിയമനം കേന്ദ്രസർക്കാർ മനഃപൂർവ്വം വൈകിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ജാർഖണ്ഡ് സർക്കാർ കേന്ദ്രസർക്കാരിന് എതിരെ കോടതി അലക്ഷ്യഹർജി ഫയൽ ചെയ്തിരുന്നു. ആറുമാസമായി ജാർഖണ്ഡ് ഹൈക്കോടതിയ്ക്ക് സ്ഥിരം ചീഫ് ജസ്റ്റിസില്ലെന്നും സംസ്ഥാന ജുഡീഷ്യറിയുടെ താളംതെറ്റിയെന്നും ജാർഖണ്ഡ് സർക്കാർ ചൂണ്ടിക്കാട്ടി.