ന്യൂഡൽഹി
ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തിയ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള. ആഭ്യന്തര മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോയതിന് പകരമായും കാണ്ഡഹാറിൽ വിമാനം റാഞ്ചിയതിന് പകരമായും ഭീകരരെ മോചിപ്പിച്ചവരാണ് കശ്മീരിൽ തീവ്രവാദം വളർത്തിയതെന്ന് ഫാറൂഖ് തിരിച്ചടിച്ചു. രണ്ട് തവണയും ഭീകരരെ വിട്ടയക്കരുതെന്നാണ് താൻ പറഞ്ഞത്. അന്ന് വിട്ടയച്ച ഭീകരരാണ് പാകിസ്ഥാനിലിരുന്ന് ഇന്നും ജമ്മു കശ്മീരിൽ തീവ്രവാദം വളർത്തുന്നതെന്നും ഫാറൂഖ് പറഞ്ഞു. ഉധംപൂർ ഈസ്റ്റിലെ പാർടി സ്ഥാനാർഥി സുനിൽ വർമയെ പിന്തുണച്ച് നടത്തിയ റാലിക്കിടെയാണ് പ്രതികരണം. എൻസി, കോൺഗ്രസ്, പിഡിപി പാർടികളുടെ നയമാണ് തീവ്രവാദം വളർത്തിയെതെന്നായിരുന്നു മോദിയുടെ പരാമർശം.