തിരുവനന്തപുരം
ഓണക്കാലത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ 231 സ്ക്വാഡുകൾ 3881 സ്ഥലങ്ങളിൽ പരിശോധന നടത്തി. 476 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 385 എണ്ണത്തിന് പിഴയടക്കാൻ നോട്ടീസ് നൽകി. ഗുരുതര വീഴ്ച കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പിച്ചു. പാൽ, ഭക്ഷ്യഎണ്ണ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, ചിപ്സ്, പച്ചക്കറി, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉൽപാദന വിതരണ വിൽപന കേന്ദ്രങ്ങളിലും ഹോട്ടൽ, ബേക്കറി, തട്ടുകട, കാറ്ററിങ് യൂണിറ്റ് എന്നിവിടങ്ങളിലും ചെക്കുപോസ്റ്റുകളിലുമാണ് പരിശോധന നടത്തിയത്. 752 സാമ്പിളുകളും 135 സ്റ്റാറ്റ്യൂട്ടറി സാമ്പിളും ശേഖരിച്ചു. തുടർ പരിശോധനയ്ക്കായി പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ 751 സാമ്പിളും ശേഖരിച്ചു. മൊബൈൽ ഭക്ഷ്യപരിശോധനാ ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന. പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ പരിശോധനക്കായി ചെക്ക് പോസ്റ്റുകളിൽ പ്രത്യേക സ്ക്വാഡിനെയും നിയോഗിച്ചിരുന്നതായും മന്ത്രി വീണാ ജോർജ് പറഞ്ഞു.