ന്യൂഡൽഹി
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥി ഓംപ്രകാശ് മത്സരിക്കുന്ന ഭിവാനി മണ്ഡലത്തിൽ പടുകൂറ്റൻ റാലി സംഘടിപ്പിച്ചു. കാൽലക്ഷത്തോളം പേരാണ് ധനാന ഗ്രാമത്തിൽ സംഘടിപ്പിച്ച റാലിയിലേയ്ക്ക് ഒഴുകിയെത്തിയത്. കോൺഗ്രസ് നേതാവും റോഹ്തക് എംപിയുമായ ദീപേന്ദർ സിങ് ഹൂഡയും പങ്കെടുത്തു. ബിജെപിയെ തടയാൻ ഭിവാനിയിൽ ഓംപ്രകാശിനെ വിജയിപ്പിക്കണമെന്ന് ഹൂഡ അഭ്യർഥിച്ചു. ഭിവാനി നഗരം കേന്ദ്രീകരിച്ച് ഓംപ്രകാശ് വ്യാഴാഴ്ച വോട്ടുതേടി. വിളനാശത്തിന് ഉടൻ നഷ്ടപരിഹാരം, എംഎസ്പിക്ക് നിയമപരിരക്ഷ എന്നിവയാണ് മുഖ്യ ലക്ഷ്യങ്ങളെന്ന് സിപിഐ എം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ, എല്ലാ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, രണ്ടുലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി തുടങ്ങിയവയാണ് പ്രഖ്യാപനങ്ങൾ. അതിനിടെ, തെരഞ്ഞെടുപ്പ് യോഗത്തിനിടെ മുൻ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയോട് ചോദ്യം ചോദിച്ച അന്താരാഷ്ട്ര കബഡി താരം കാല ഹരിഗറിനെ ജെജെപി പ്രവർത്തകർ ആക്രമിച്ചു. ഇദ്ദേഹത്തിന്റെ മുഖത്തടക്കം ആഴത്തിലുള്ള മുറിവേറ്റു.