ന്യൂഡൽഹി
പലസ്തീനിലെ വംശഹത്യയിൽനിന്ന് ഇസ്രയേൽ പിൻമാറണം എന്നാവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയം അംഗീകരിക്കാതെ വോട്ടെടുപ്പിൽ വിട്ടുനിന്ന് ഇന്ത്യ. ഗാസയിലും വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറുസലേമിലുമടക്കമുള്ള അധിനിവേശം ഒരു വർഷത്തിനകം അവസാനിപ്പിക്കണം എന്നാണ് പൊതുസഭ അംഗീകരിച്ച പ്രമേയം ആവശ്യപ്പെടുന്നത്. കൊണ്ടുവന്നത്. 124 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ഇന്ത്യ, യുകെ, കാനഡ, ഉക്രയ്ൻ തുടങ്ങി 43 രാജ്യങ്ങൾ വിട്ടുനിന്നു. ഇസ്രയേലും സ്ഥിരാംഗമായ അമേരിക്കയുമടക്കം 14 രാജ്യങ്ങൾ എതിർത്തു.
പലസ്തീനിലെ ഇസ്രയേൽ സാന്നിധ്യം നിയമ വിരുദ്ധമാണെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുസഭയുടെ പത്താം അടിയന്തരയോഗം പ്രമേയം കൊണ്ടുവന്നത്. അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രയേൽ അനുസരിക്കണം, സേനയെ പിൻവലിക്കണം, അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ച് വെസ്റ്റ് ബാങ്കിൽ നിർമിച്ച വിഭജന മതിൽ തകർക്കണം എന്നും പ്രമേയം ആവശ്യപ്പെട്ടു. 1967 മുതൽ ഇസ്രയേൽ പിടിച്ചെടുത്ത ഭൂമിയും കെട്ടിടങ്ങളും പലസ്തീന് തിരിച്ചുനൽകണം. അധിനിവേശ പ്രദേശങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ മറ്റ് രാഷ്ട്രങ്ങൾ ബഹിഷ്ക്കരിക്കണം. വംശഹത്യയ്ക്ക് ആയുധം നൽകരുത് തുടങ്ങിയ നിർദേശങ്ങളാണ് പ്രമേയം മുന്നോട്ടുവച്ചത്. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികല്ലെന്നാണ് പ്രമേയമെന്ന് യുഎന്നിലെ പലസ്തീൻ സ്ഥാനപതി റിയാദ് മൻസൂർ പ്രതികരിച്ചു. അതേസമയം, പരസ്പരം അകറ്റുകയല്ല ഇരുപക്ഷത്തെയും കൂടുതൽ അടുപ്പിക്കുകയാണ് വേണ്ടെതെന്ന് വിട്ടുനിന്നതിനുള്ള ന്യായീകരണമായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹാരിഷ് പറഞ്ഞു.
അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാതിരുന്നതിലൂടെ ഇന്ത്യയുടെ സ്വതന്ത്ര പലസ്തീൻ നയമാണ് മോദി സർക്കാർ ബലി കഴിച്ചത്. പത്തുവർഷമായി ഇസ്രയേൽ ചങ്ങാത്തം ശക്തമാക്കിയ മോദി, വംശഹത്യക്ക് വൻതോതിൽ ആയുധം നൽകുന്നുണ്ട്. നേരത്തെ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിന്റെയും ആയുധക്കയറ്റുമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിന്റെയും വോട്ടിങ്ങിൽനിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു.