അങ്കോള> കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിൽ വീണ്ടും തുടങ്ങും. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ട്രക്ക് ഡ്രൈവർ അർജുൻ ഉൾപ്പെടെ കാണാതായ മൂന്നുപേർക്കുള്ള തിരച്ചിലിനായി കാർവാർ തീരത്ത് ഡ്രഡ്ജറെത്തി. ഗോവയിൽ നിന്നാണ് ഡ്രഡ്ജർ എത്തിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് തിരച്ചിൽ പുന:രാരംഭിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. തിരച്ചിലിനായി പ്രാദേശിക സഹായം തേടുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
നിലവിലെ സാഹചര്യം വിലയിരുത്താൻ ഇന്ന് കളക്ടറുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരും. ഉത്തര കന്നഡ കലക്ടർ ലക്ഷ്മി പ്രിയ, ജില്ലാ പൊലീസ് മേധാവി എം നാരായണ, സതീഷ് സെയിൽ എംഎൽഎ, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ നാവികസേനയുടെയും ഈശ്വർ മൽപെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്ന കാര്യത്തിലും തീരുമാനമെടുക്കും.
അർജുന്റെ ട്രക്ക് വീണ സ്ഥലത്ത് അടയാളപ്പെടുത്തിയ പുഴയിലെ ഭാഗത്ത് അടിഞ്ഞുകൂടിയ മണ്ണും മരങ്ങളും വലിയ പാറക്കല്ലുകളും ഡ്രഡ്ജർ നീക്കം ചെയ്യും. 10 ദിവസം ഇത്തരത്തിൽ തെരച്ചിൽ നടത്താനാണ് തീരുമാനം. അടുത്ത ആഴ്ച ഉത്തരകന്നഡ ജില്ലയിൽ കാലാവസ്ഥാ മുന്നറിയിപ്പ് അനുകൂലമാണ്.