നെടുമ്പാശേരി
വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കി, ദുരിതബാധിതർക്കുള്ള സഹായം ലഭിക്കാതെ പോകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നെടുമ്പാശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ സഹായനിധിയിൽ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ചെലവഴിക്കുന്ന തുകയുടെ കണക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചാൽ വിശ്വാസ്യത വർധിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഡിആർഎഫ് മാനദണ്ഡം അനുസരിച്ചാണ് മെമോറാണ്ടം സമർപ്പിക്കേണ്ടത്. കണക്ക് ഡിസാസ്റ്റർ മാനേജ്മെന്റാണോ റവന്യൂ വകുപ്പാണോ തയാറാക്കിയതെന്ന് സർക്കാർ വ്യക്തമാക്കണം. ശ്രദ്ധയോടെ നിവേദനം തയാറാക്കിയിരുന്നെങ്കിൽ കേന്ദ്രത്തിൽനിന്ന് ന്യായമായ സഹായം വാങ്ങിയെടുക്കാമായിരുന്നു.
2000 കോടിയുടെയെങ്കിലും ദുരിതാശ്വാസ പ്രവർത്തനം വയനാട്ടിൽ നടത്തേണ്ടിവരും. ഇത് ചൂണ്ടിക്കാട്ടിയുള്ള മെമോറാണ്ടമാണ് സംസ്ഥാന സർക്കാർ തയ്യാറാക്കേണ്ടത്. നാട്ടിൽ ദുരന്തം ഉണ്ടാകുമ്പോൾ എല്ലാവരും ഒന്നിച്ചുനിന്ന് സഹായിക്കുന്ന സംസ്കാരം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ധനസഹായത്തിന് മുന്നോടിയായുള്ള തുക കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാറുണ്ട്. എന്നാൽ അത് കിട്ടിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.