മലപ്പുറം
കലിക്കറ്റ് സർവകലാശാലാ കായികവിഭാഗം ആവിഷ്കരിച്ച കായികസാക്ഷരതാ ഗവേഷണ പദ്ധതിക്ക് കേന്ദ്രഗവേഷണ വിഭാഗമായ ഐസിഎസ്എസ്ആർ അനുമതി. പ്രൈമറി സ്കൂൾ വിദ്യാർഥികളിൽ കായികക്ഷമത വർധിപ്പിക്കാനുള്ള 1.5 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം. രാജ്യത്തെ ആദ്യത്തെ കായികസാക്ഷരതാ ഗവേഷണ പദ്ധതിയാണിത്. ചെറുപ്പത്തിൽത്തന്നെ അന്താരാഷ്ട്ര നിലവാരമുള്ള കായികതാരങ്ങളെ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം.
കലിക്കറ്റ് സർവകലാശാലാ കായിക വിഭാഗം മേധാവി ഡോ. വി പി സക്കീർ ഹുസൈനാണ് പദ്ധതി കോ–- ഓർഡിനേറ്റർ. കാലടി സർവകലാശാലാ കായിക വിഭാഗം മേധാവി ഡോ. എം ആർ ദിനു, തൃശൂർ മെഡിക്കൽ കോളേജ് കായിക വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി എ ഷഫീഖ്, നിലമ്പൂർ അമൽ കോളേജ് കായിക വിഭാഗം അസി. പ്രൊഫസർ ഡോ. നാഫിഹ് ചെരപ്പുറത്ത്, കലിക്കറ്റ് സർവകലാശാലാ ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫസർ ഡോ. സുബൈർ മേഡമ്മൽ എന്നിവർ അംഗങ്ങളാണ്.
ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രൈമറി സ്കൂൾ വിദ്യാർഥികളിലാണ് നാലുവർഷത്തെ കായികസാക്ഷരതാ പരിശീലനപദ്ധതി നടപ്പാക്കുക. കായിക സാക്ഷരതയിലൂടെ പതിനഞ്ചോളം അടിസ്ഥാന കായികചലനങ്ങളിൽ അഭിരുചി വർധിപ്പിക്കുക, എല്ലാത്തരം കായികയിനങ്ങളുടെയും അടിസ്ഥാന കഴിവുകൾ ചെറുപ്പത്തിലേ സ്വായത്തമാക്കുക എന്നിവയാണ് പ്രധാനം.