കൽപ്പറ്റ
ഉരുളൊഴുക്കിൽ പല ദിക്കിലായി ചിന്നിച്ചിതറിയവർ വീണ്ടും ഒത്തുകൂടി. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തം അതിജീവിച്ച ജനത സ്നേഹത്തണലിൽ സങ്കടങ്ങളകറ്റിയിരുന്നു. ദുരന്തബാധിതരുടെ പുനരധിവാസ സ്വപ്നങ്ങൾക്ക് നിറംപകരാനും ആത്മവിശ്വാസമേകാനും സിപിഐ എം ഒരുക്കിയ വേദിയിൽ അവർ പ്രതീക്ഷകളും ആശങ്കയും പങ്കുവച്ചു.
‘നമ്മൾ ഒരുമിച്ച് അതിജീവിക്കും’ എന്ന സന്ദേശമുയർത്തിയ സംഗമത്തിൽ ആയിരത്തിലേറെപ്പേർ പങ്കെടുത്തു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
അതിജീവന പദ്ധതികൾ തകർക്കാൻ വ്യാജപ്രചാരണങ്ങൾ മെനയുന്നവർക്കുള്ള മറുപടികൂടിയായി സ്നേഹസംഗമം. ഒരു കുടുംബംപോലെ ജീവിച്ചവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും വാടകവീടുകളിലേക്കും മാറിയശേഷം പലരും ആദ്യമായാണ് കണ്ടുമുട്ടിയത്. നഷ്ടം മറന്ന് അവർ പരസ്പരം ചേർത്തുപിടിച്ചു. മരിച്ചവരുടെ ചിത്രങ്ങൾക്കുമുമ്പിൽ വിതുമ്പലടക്കാൻ പാടുപെട്ടു. ഇത് കണ്ടുനിന്നവരുടെയും ഉള്ളുലഞ്ഞു.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും ഒ ആർ കേളുവും ദുരന്തബാധിതരുടെ അരികിലേക്കെത്തി. താൽക്കാലിക പുനരധിവാസത്തിനുശേഷമുള്ള പ്രയാസങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞു. സഹായം മുടക്കാനുള്ള കള്ളക്കഥകളെയെല്ലാം അതിജീവിച്ച് സർക്കാർ സ്ഥിരം പുനരധിവാസം ഒരുക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി. ഗായകൻ അലോഷിയുടെ ഗസലും പ്രാദേശിക ഗായകരുടെ ഗാനമേളയും അരങ്ങേറി.
അർഹമായ സഹായം എല്ലാവർക്കും ഉറപ്പാക്കുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായിട്ടും സ്ഥിരം പുനരധിവാസത്തിന് മുന്നോടിയായി അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് സിപിഐ എം കൽപ്പറ്റ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ അതിജീവന സംഗമം നടത്തിയത്. രക്ഷാപ്രവർത്തനങ്ങളിലും തിരച്ചിലിനും നിർണായക ഇടപെടൽ നടത്തിയ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്, എസ്എഫ്ഐ സ്റ്റുഡന്റ് ബറ്റാലിയൻ എന്നിവരെ ആദരിച്ചു. എല്ലാവർക്കും സ്നേഹവിരുന്നും നൽകി.