മലപ്പുറം
പൊള്ളുന്ന കാലത്തെ സ്വജീവിതംകൊണ്ട് അടയാളപ്പെടുത്തിയ ചെറുകാടിന്റെ ‘ജീവിതപ്പാത’യ്ക്ക് അമ്പത്. മലയാളിയുടെ ആത്മകഥാ വായനയെ പുതുക്കിപ്പണിത കൃതി കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രരേഖകൂടിയാണ്. “ജീവിതപ്പാത’യുടെ അമ്പതാം വാർഷികം വിപുല പരിപാടികളോടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജന്മനാട്.
ഞാനൊരമ്പലവാസിയാണ് എന്നു തുടങ്ങുന്ന ആത്മകഥ കേരളം വളർന്ന വഴികളിലേക്കുള്ള സഞ്ചാര ഫലകമാണ്. സംസ്കൃത വിദ്യാഭ്യാസവും ഉപനയനവും കഴിഞ്ഞ ഗോവിന്ദ പിഷാരടിയെന്ന ബ്രാഹ്മണ ബാലൻ വിപ്ലവപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടതിന്റെ കഥ മാറിയ കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെ കണ്ണാടിയാണ്. കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയും കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലുണ്ടായ മാറ്റങ്ങളുമെല്ലാം അതീവ സൂക്ഷ്മതയോടെ വരച്ചിടുന്നു. ഏറ്റവും കൂടുതൽ വായിക്കപ്പെട്ടതും വിറ്റഴിക്കപ്പെടതുമായ ആത്മകഥകളിൽ ഒന്നാണ് ഇത്. 1976ൽ കേരള സാഹിത്യ അക്കാദമി അവാർഡും 77ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഇ എം എസ് എഴുതിയ അവതാരിക കൃതിയെ സമ്പന്നമാക്കി.
ചെറുകാടിന്റെ കർമമണ്ഡലമായ പെരിന്തൽമണ്ണയിൽ ഒക്ടോബർ 28ന് ചെറുകാട് ട്രസ്റ്റിന്റെയും സാംസ്കാരിക കൂട്ടായ്മയായ മമതയുടെയും നേതൃത്വത്തിൽ കൃതിയുടെ അമ്പതാം വാർഷികം ആഘോഷിക്കും. ചെറുകാട് ദിനവും ചെറുകാട് അവാർഡ് സമർപ്പണവും നടക്കും. സംഘാടക സമിതി രൂപീകരണ യോഗം വ്യാഴം വൈകിട്ട് അഞ്ചിന് പെരിന്തൽമണ്ണ എൻജിഒ യൂണിയൻ ഹാളിൽ ചേരും.