ന്യൂഡൽഹി
ഡൽഹിയിൽ ചടുലരാഷ്ട്രീയനീക്കത്തിന് ഒടുവിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ചൊവ്വ പകൽ 4.30ന് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയ്ക്ക് രാജിക്കത്ത് നൽകി. പിന്നാലെ, സർക്കാരുണ്ടാക്കാൻ എഎപി നേതാവും മന്ത്രിയുമായ അതിഷി ലെഫ്റ്റനന്റ് ഗവർണറോട് അവകാശവാദമുന്നയിച്ചു. സുഷമ സ്വരാജിനും ഷീലാ ദീക്ഷിദിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെവനിത.. നിലവിലെ മന്ത്രിസഭയിൽ വിദ്യാഭ്യാസം, ജലം, ടൂറിസം, ഊർജം, സാംസ്കാരികം, ആസൂത്രണം ഉൾപ്പടെ 14 വകുപ്പ് അതിഷി കൈകാര്യം ചെയ്യുന്നുണ്ട്.
ഞായറാഴ്ചയാണ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ നിന്നും ജാമ്യം ലഭിച്ച് ജയിൽമോചിതനായതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ചൊവ്വാഴ്ച പകൽ 11ന് നടന്ന നിയമസഭാകക്ഷി യോഗത്തിൽ അതിഷിയെ പുതിയ മുഖ്യമന്ത്രിയാക്കാൻ ധാരണയായി. കെജ്രിവാളാണ് പേര് നിർദേശിച്ചത്. മുഖ്യമന്ത്രി ചുമതല വിശ്വസിച്ച് ഏൽപ്പിച്ച കെജ്രിവാളിനോട് നന്ദിയുണ്ടെന്ന് അതിഷി പ്രതികരിച്ചു. 26നും 27നുമാണ് അടുത്ത നിയസഭാസമ്മേളനം നടക്കേണ്ടത്. അതിന് മുമ്പ് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും.
അതേസമയം, അതിഷിക്ക് എതിരെ ആരോപണവുമായി എഎപി വിമത നേതാവും രാജ്യസഭാ എംപിയും സ്വാതി മലിവാൾ രംഗത്തെത്തി. പാർലമെന്റ് ആക്രമണക്കേസിലെ കുറ്റവാളി അഫ്സൽഗുരുവിന്റെ വധശിക്ഷ റദ്ദാക്കിയ ദയാഹർജികളിൽ അതിഷിയുടെ മാതാപിതാക്കൾ ഒപ്പിട്ടിരുന്നതായി അവര് സമൂഹമാധ്യമത്തില് പ്രതികരിച്ചു. എന്നാല്, ബിജെപി ഏജന്റായ സ്വാതി മലിവാളിന് അൽപ്പമെങ്കിലും നാണമുണ്ടെങ്കിൽ രാജ്യസഭാംഗത്വം രാജിവയ്ക്കണമെന്ന് എഎപിയുടെ മുതിർന്ന നേതാവ് ദിലീപ്പാണ്ഡെ തിരിച്ചടിച്ചു. സ്വാതി മലിവാളിന്റെ ആരോപണം ഏറ്റുപിടിച്ച് ബിജെപിയും അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ വിമർശിച്ച് രംഗത്തെത്തി.