കുമളി> കൃഷിയിടത്തിൽ പണിയെടുക്കവേ വയോധികയ്ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റു. വണ്ടിപ്പെരിയാർ 62ാം മൈലിൽ നെടുംപറമ്പിൽ സ്റ്റെല്ല(65)യ്ക്കാണ് പരിക്കേറ്റത്. ചൊവ്വ രാവിലെ 8.30ഓടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി കാട്ടില്നിന്ന് പാഞ്ഞെത്തിയ കാട്ടുപോത്ത് സ്റ്റെല്ലയെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലാളികളും നാട്ടുകാരും ചേർന്ന് വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പ്രാഥമിക ശുശ്രൂഷകള്ക്ക് ശേഷം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്റ്റെല്ലയുടെ നട്ടെല്ലിനും ദേഹമാസകലവും പരിക്കേറ്റിട്ടുണ്ട്.
പെരിയാർ കടുവാ സങ്കേതത്തിലെ വള്ളക്കടവ് വനമേഖലയിൽനിന്നാണ് കാട്ടുപോത്ത് കൃഷിയിടത്തിൽ ഇറങ്ങിയത്. ഈ പ്രദേശങ്ങളിൽ നാളുകളായി ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, മ്ലാവ്, പന്നി, കുരങ്ങ് എന്നിവയുടെ ശല്യം രൂക്ഷമാണ്. സംഭവമറിഞ്ഞ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിയ വനപാലകര്ക്ക് നേരെ നാട്ടുകാര് രോക്ഷം പ്രകടിപ്പിച്ചു. വന്യജീവി ആക്രമണം തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.