ന്യൂഡൽഹി
നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്കിൽ തളർന്ന് ഹരിയാന ബിജെപി. ഒബിസി സംസ്ഥാന മോർച്ച പ്രസിഡന്റ് കരൺ ദേവ് കാംബോജ് കഴിഞ്ഞ ദിവസം കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപി പിന്നാക്ക സമുദായത്തെ കേവലം വോട്ടുബാങ്കായി മാത്രമാണ് കാണുന്നതെന്ന് കാംബോജ് പറഞ്ഞു. സംസ്ഥാനത്തെ പ്രധാന ഒബിസി മുഖമാണ് ഇതോടെ ബിജെപിക്ക് നഷ്ടപ്പെട്ടത്. രാജി തടയാൻ മുഖ്യമന്ത്രി നയാബ് സിങ് സൈനി നേരിട്ടെത്തിയെങ്കിലും ഹസ്തദാനം പോലും ചെയ്യാൻ കംബോജ് വിസമ്മതിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് മുൻ ബദ്ര എംഎൽഎ സുഖ്വീന്ദർ മണ്ഡിയും മുൻ മന്ത്രിയും കർണാലിലെ പ്രധാന നേതാവുമായ ജയ് പ്രകാശ് ഗുപ്തയും ബിജെപി വിട്ടു. ജെജെപി നേതാവ് യോഗേഷ് ഗുപ്തയും സോഹ്ന മണ്ഡലത്തിൽ വിമതയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി നേതാവ് മനിത ഗാർഗും കോൺഗ്രസിലെത്തും. മനിത കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് പത്രിക പിൻവലിച്ചു. കോൺഗ്രസ് വിമതനായി മത്സരിക്കാൻനിന്ന അരിദാമാൻ സിങ് ബില്ലുവും ഡോ. ഷംസുദ്ദീനും പത്രിക പിൻവലിച്ചു.
ഇതിനിടെ ജയിച്ചാൽ മുഖ്യമന്ത്രിപദം അവശ്യപ്പെടുമെന്ന് ബിജെപി നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ അനിൽ വിജ് പ്രഖ്യാപിച്ചു. സൈനി സർക്കാരിൽ വിജിനെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, സൈനിയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തിരിച്ചടിച്ചു.