ന്യൂഡല്ഹി> നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹരിയാനയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി. ബിജെപി വീണ്ടും അധികാരത്തിലേറിയാൽ മുഖ്യമന്ത്രി പദം വേണമെന്ന് അവകാശപ്പെട്ടാണ് മുൻ മന്ത്രി അനിൽ വിജ് രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിയിലെ മികച്ച മുഖ്യമന്ത്രി സ്ഥാനാർഥി എന്നാണ് അനിൽ വിജ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നയാബ് സിംഗ് സൈനി മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി ഇതിനകം വ്യക്തമാക്കിയിരുന്നു. 71 കാരനായ അനില് വിജ് ഏഴാം തവണയാണ് മത്സരത്തിനിറങ്ങുന്നത്.
“സംസ്ഥാനത്തിൻ്റെ നാനാഭാഗത്തുനിന്നും ആളുകൾ എന്റെയടുക്കൽ വരുന്നു. ഏറ്റവും മുതിർന്ന നേതാവായിരുന്നിട്ടും എന്തുകൊണ്ടാണ് ഞാൻ മുഖ്യമന്ത്രിയാകാത്തതെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു. ഹരിയാനയിലെ ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങളും പാർടിയിലെ എന്റെ സീനിയോറിറ്റിയും പരിഗണിച്ചും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഞാൻ അവകാശവാദമുന്നയിക്കും. എന്റെ ഭരണകാലത്ത് ഒരുപാട് വികസനങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും നടന്നിട്ടുണ്ട്. ഇന്നുവരെ, പാർടിയിൽ നിന്ന് ഒരു സ്ഥാനവും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. പാർടി എന്നെ മുഖ്യമന്ത്രി ആക്കുകയാണെങ്കിൽ, ഞാൻ തീർച്ചയായും ഹരിയാനയുടെ മുഖം തന്നെ മാറ്റും,” വിജ് പറഞ്ഞു.
അനിൽ വിജിന് പുറമെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ റാവു ഇന്ദർജിത്തും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഭരണ വിരുദ്ധ വികാരം മറികടക്കാൻ ഈ വർഷം മാർച്ചിൽ ബിജെപി മനോഹർ ലാൽ ഖട്ടറിനെ മാറ്റി ഒബിസി മുഖമായ നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയായി നിയമിച്ചിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് തിരിച്ചടിയുണ്ടാവുകയാണുണ്ടായത്. 2019 ൽ വിജയിച്ച 10 സീറ്റുകളിൽ അഞ്ചെണ്ണം നഷ്ടപ്പെട്ടു. ബിജെപി തോറ്റ സീറ്റുകളിൽ അനിൽ വിജിന്റെ അംബാല മണ്ഡലവുമുണ്ട്.
എന്നാൽ വിജിന്റെ അവകാശവാദത്തെ ഹരിയാന ബിജെപിയുടെ ചുമതലയുള്ള ധര്മേന്ദ്ര പ്രധാനന് തള്ളി. പാര്ടി ജയിച്ചാല് ഹരിയാനയിലെ മുഖ്യമന്ത്രിയായി സിറ്റിംഗ് മുഖ്യമന്ത്രി നയാബ് സിങ് സൈനി തുടരുമെന്ന് ധര്മേന്ദ്ര പ്രധാനന് വ്യക്തമാക്കി. ഒക്ടോബര് അഞ്ചിനാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. 2014ലാണ് ഹരിയാനയിൽ ബിജെപി ആദ്യമായി കേവലഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുന്നത്.
#WATCH | BJP candidate from Ambala Cantt Assembly constituency Anil Vij says, “I am the senior most MLA of BJP in Haryana. I have contested elections for 6 times. On the demand of people, I will claim for the designation of CM on the basis of my seniority this time. However, it… pic.twitter.com/jdwQt9nKSS
— ANI (@ANI) September 15, 2024