ന്യൂഡൽഹി> അന്തരിച്ച സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയുടെ മൃതശരീരം ഇനി ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിദ്യാർഥികൾ വൈദ്യപഠനത്തിനായി പ്രയോജനപ്പെടുത്തും. വ്യാഴാഴ്ച വൈകുന്നേരം 3.05 മണിയോടെയായിരുന്നു മരണം. ശനിയാഴ്ച വൈകുന്നേരം അഞ്ച്മണിയോടെ മൃതദേഹം മരണം സംഭവിച്ച അതേ ആശുപത്രിയിലേക്ക് വിലാപ യാത്രയായി തിരികെ എത്തിച്ചു.
ഇതിനിടയിലെ സമയങ്ങളിൽ വിലാപങ്ങൾക്കും അഞ്ജലീ സമർപ്പണങ്ങൾക്കും പകരം ഏറെയും കേട്ടത് സീതാറാം യെച്ചൂരിയുടെ അനശ്വരതയെ കുറിച്ചുള്ള മുദ്രാവാക്യങ്ങളായിരുന്നു. മാനവികതയിൽ അടിയുറച്ച വിപ്ലവ ദാർശനികത തങ്ങളിലൂടെ ജീവിക്കുമെന്ന് സാക്ഷ്യപ്പെടുത്തി വിദ്യാർഥികളും യുവാക്കളുമായിരുന്നു ഏറെയും ഒത്തു ചേർന്നത്.
അമർ രഹെ, അമർ രഹെ, സീതാറാം അമർ രഹെ എന്ന മുദ്രാവാക്യമാണ് അവർ ഉടനീളം ഉച്ചത്തിൽ വിളിച്ചിരുന്നത്. തന്റെ ചിന്താമണ്ഡലത്തെ രൂപപ്പെടുത്തിയ ജെഎൻയു അങ്കണത്തിലും മുപ്പത് വർഷത്തോളം പാർട്ടി കാര്യങ്ങൾ നിർവ്വഹിച്ച എകെജി മന്ദിരത്തിലും പഴയ പാർട്ടി ഓഫീസ് നിലനിന്ന 14 അശോക റോഡിലുമായാണ് അന്തിമാഞ്ജലികൾ ഏറ്റുവാങ്ങിയത്.
യെച്ചൂരിയുടെ മാതാവ് കല്പകം യെച്ചൂരിയുടെ മൃതശരീരവും അവരുടെ ഇഷ്ടപ്രകാരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകുകയായിരുന്നു.
ഇനിയും മാതൃകകാട്ടിയ കമ്മ്യൂണിസ്റ്റുകൾ
അന്തരിച്ച ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഐ എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ മൃതദേഹം കൊല്ക്കത്തയിലെ നീൽ രത്തൻ സിര്ക്കാർ മെഡിക്കൽ കോളജിനു ദാനം ചെയ്യുകയായിരുന്നു. 2006 മാര്ച്ചിൽ തന്നെ ഇതു സംബന്ധിച്ച സമ്മതപത്രത്തില് അദ്ദേഹം ഒപ്പുവച്ചിരുന്നു.
ബുദ്ധദേവിന്റെ മുന്ഗാമിയും 34 വര്ഷം ബംഗാള് മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസുവിന്റെ മൃതദേഹവും വൈദ്യശാസ്ത്ര പഠനത്തിനായി സമർപ്പിച്ചിരുന്നു. 2010 ജനുവരിയിലായിരുന്നു അദ്ദേഹത്തിന്റെ മരണം. 2003 ഏപ്രിലില് തന്നെ ശരീരദാനത്തിനുള്ള സമ്മത പത്രത്തില് അദ്ദേഹം ഒപ്പുവച്ചിരുന്നു. ബസുവിന്റെ ഭൗതികദേഹം കൊല്ക്കത്തയിലെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല് എജ്യുക്കേഷന് ആന്ഡ് റിസര്ച്ചിനാണ് നൽകിയത്.
ജ്യോതി ബസുവിന്റെ മസ്തിഷ്കം ഗവേഷണത്തിനായി വിട്ടുകിട്ടാന് പ്രമുഖ ന്യൂറോ സയന്സ് ഗവേഷണകേന്ദ്രമായ നിംഹാന്സ് (നാഷനല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല് ഹെല്ത്ത് ആന്ഡ് ന്യൂറോ സയന്സസ്) മുന്നോട്ടു വന്നിരുന്നു. തൊണ്ണൂറ്റിയഞ്ചാം വയസ്സിലും ഊര്ജസ്വലനായിരുന്നു ജ്യോതി ബസു.
സിപിഐ എം മുന് സെക്രട്ടറി അനില് ബിശ്വാസ്, മുതിര്ന്ന നേതാവ് ബിനോയ് ചൗധരി എന്നിവരും മൃതദേഹം ദാനം ചെയ്തു. ലോക്സഭാ മുന് സ്പീക്കര് സോമനാഥ് ചാറ്റര്ജി 2000 ല് തന്റെ ശരീരം ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. 2018 ലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സ്പീക്കർ പദവിയിൽ എത്തുന്നിതിന് മുൻപ് തന്നെ അദ്ദേഹം സമ്മതപത്രം എഴുതിയിരുന്നു.
കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയാണ് അദ്ദേഹത്തിന്റെ മൃതദേഹം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ നേത്ര കോർണിയ കൊൽക്കത്തയിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്കാണ് നൽകിയത്.
രാജ്യത്ത് ഏറ്റവുമധികം മൃതദേഹങ്ങൾ പഠനത്തിനായി ലഭിക്കുന്ന സംസ്ഥാനം പശ്ചിമ ബംഗാളാണ്. ഇതുവരെ നാലായിരത്തോളം മൃതദേഹങ്ങൾ സ്വയം സമർപ്പണമായി ലഭിച്ചതായാണ് കണക്ക്.
ബംഗാളിലെ മുതിർന്ന സിപിഐ എം നേതാവ് ബിമൻ ബോസും മൃതശരീരം ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയിട്ടുണ്ട്.
എംഡി, എംബിബിഎസ്, നഴ്സിങ്, പാരാമെഡിക്കൽ വിദ്യാർഥികൾ പഠനാവശ്യത്തിനായും ഗവേഷണത്തിനുമാണ് മൃതദേഹങ്ങൾ പ്രയോജനപ്പെടുത്തുന്നത്. തൊലി പൊള്ളലേറ്റവർക്കായുള്ള ചികിത്സക്കായി ഉപയോഗിക്കുന്നതും പതിവുണ്ട്.