കൊച്ചി
കൊച്ചി കപ്പൽശാല ഡ്രഡ്ജിങ് കോർപറേഷൻ ഓഫ് ഇന്ത്യ (ഡിസിഐ)ക്കായി നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറിന് കീലിട്ടു. കപ്പൽശാലയിൽ നടന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ–-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ഓൺലൈനായാണ് കീൽ സ്ഥാപിച്ചത്. ‘ഡിസിഐ ഡ്രഡ്ജ് ഗോദാവരി’ എന്ന് പേരിട്ടിരിക്കുന്ന, 127 മീറ്റർ നീളവും 28 മീറ്റർ വീതിയും 12,000 ക്യുബിക് മീറ്റർ ഹോപ്പർ കപ്പാസിറ്റിയുമുള്ള ഈ ഡ്രഡ്ജർ നെതർലൻഡ്സിലെ റോയൽ ഐഎച്ച്സിയുടെ സഹകരണത്തോടെയാണ് നിർമിക്കുന്നത്.
ഇന്ത്യയിലെ നെതർലൻഡ്സ് അംബാസഡർ മരിസ ജെറാർഡ്സ്, ഡിസിഐ ചെയർപേഴ്സൺ ഡോ. എം അംഗമുത്തു, എംഡി ദുർഗേഷ്കുമാർ, കപ്പൽശാല സിഎംഡി മധു എസ് നായർ, ഫിനാൻസ് ഡയറക്ടർ വി ജെ ജോസ്, ഓപ്പറേഷൻസ് ഡയറക്ടർ കെ എൻ ശ്രീജിത് തുടങ്ങിയവരും പങ്കെടുത്തു.