കൊച്ചി
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. വെള്ളിയാഴ്ച പവന് 960 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 54,600 രൂപയും ഗ്രാമിന് 120 രൂപ വർധിച്ച് 6825 രൂപയുമായി. ജൂലൈയിൽ കേന്ദ്ര ബജറ്റിൽ ഇറക്കുമതിത്തീരുവ കുറച്ചശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്. മെയ് 20ന് രേഖപ്പെടുത്തിയ 55,120 രൂപയാണ് സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്ന്ന വില. പുതിയ വിലപ്രകാരം ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് 59,102 രൂപ വേണം.
അന്താരാഷ്ട്രവിപണിയിലെ വിലക്കയറ്റമാണ് സംസ്ഥാനത്തും വില ഉയർത്തിയത്. അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2570 ഡോളറിലേക്ക് ഉയർന്നു. ഈ വർഷാരംഭത്തിൽ 2063 ഡോളറായിരുന്നു. ഒമ്പതുമാസത്തിനുള്ളിൽ 507 ഡോളർ ഉയർന്നു. ഈ കാലയളവിൽ സംസ്ഥാനത്ത് പവൻവില 7760 രൂപയാണ് വർധിച്ചത്.
പലിശനിരക്കുകൾ കുറച്ചേക്കുമെന്ന യുഎസ് ഫെഡ് റിസർവിന്റെ സൂചനകൾ പുറത്തുവന്നതോടെയാണ് അന്താരാഷ്ട്രവിപണിയിൽ വില ഉയർന്നുതുടങ്ങിയത്. സുരക്ഷിതനിക്ഷേപം എന്ന നിലയ്ക്ക് വൻകിട നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വില ഉയർത്തുന്നത്. അന്താരാഷ്ട്ര വില 2600 ഡോളർ കടന്നേക്കുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.