ന്യൂഡൽഹി
വിപ്ലവനായകന് രാജ്യം ശനിയാഴ്ച വിടനൽകും. സിപിഐ എം ജനറൽ സെക്രട്ടറിയും ഇടതുപക്ഷ- പുരോഗമന പ്രസ്ഥാനങ്ങളുടെ നായകനുമായിരുന്ന സീതാറാം യെച്ചൂരിയുടെ മൃതശരീരം പകൽ 11 മുതൽ മൂന്ന് വരെ ഡൽഹി എ കെ ജി ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈദ്യശാസ്ത്ര പഠനത്തിന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് കൈമാറും. യെച്ചൂരിയുടെ അമ്മ കൽപകത്തിന്റെ മൃതദേഹം 2021ൽ എയിംസിന് കൈമാറിയിരുന്നു.
ദുഃഖത്തിൽ പങ്കുചേർന്ന് കേരളം
കേരളത്തെ ഏറെ സ്നേഹിച്ചിരുന്ന സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് മലയാളികൾ. എകെജി സെന്റർ അടക്കമുള്ള പാർടി ഓഫീസുകളിൽ സ്ഥാപിച്ച ഛായാചിത്രങ്ങളിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ രാഷ്ട്രീയകക്ഷിഭേദമന്യേ നൂറുകണക്കിനുപേർ എത്തി. യെച്ചൂരി അന്തരിച്ച വാർത്തയറിഞ്ഞയുടൻ കേരളത്തിലുടനീളം സിപിഐ എം പതാകകൾ പകുതി താഴ്ത്തിക്കെട്ടിയിരുന്നു. ഒരാഴ്ച ദുഃഖാചരണമാണ്. പലയിടത്തും മൗനജാഥകൾ നടന്നു. ശനിയാഴ്ച മൃതദേഹം ന്യൂഡൽഹിയിലെ എയിംസിന് കൈമാറുന്നതോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സർവകക്ഷി മൗനജാഥകളും അനുശോചനയോഗങ്ങളും ചേരും.
മുഖ്യമന്ത്രി പിണറായി വിജയൻ, പാർടി സെക്രട്ടറി എം വി ഗോവിന്ദൻ യെച്ചൂരിയ്ക്ക് അന്തിമോപചാരം അർപ്പിക്കുന്നു