ആൻഡമാൻ> ബിജെപി സർക്കാരിന്റെ പേരുമാറ്റൽ പരമ്പരയിലേക്ക് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയർ കൂടി. പോർട് ബ്ലെയറിൻ്റെ പേര് ‘ശ്രീ വിജയപുരം’ എന്നാക്കി മാറ്റിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നിരവധി സ്ഥലങ്ങളുടെയും എയർപോർട്ടുകളുടെയും പേരുകൾ മാറ്റിയിരുന്നു.
കൊളോണിയൽ ഓർമ്മകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോർട്ട് ബ്ലെയറിന്റെ പേര് മാറ്റുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
“കൊളോണിയൽ മുദ്രകളിൽ നിന്നു രാജ്യത്തെ മോചിപ്പിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട്, പോർട്ട് ബ്ലെയറിന്റെ പേര് മാറ്റി ശ്രീ വിജയപുരം എന്നാക്കാൻ തീരുമാനിച്ചിരിക്കുന്നു. മുമ്പത്തെ പേരിന് കൊളോണിയൽ പാരമ്പര്യമുണ്ട്. ശ്രീ വിജയപുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും അതിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും പ്രതീകവത്കരിക്കുന്നു.” അമിത് ഷാ പറഞ്ഞു.