കൊൽക്കത്ത> ആർജി കാർ ആശുപത്രിയിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ചർച്ച നടക്കാത്ത സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപതി മുർമുവിനും കത്തയച്ചു. നാല് പേജുള്ള കത്തിന്റെ പകർപ്പ് വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധങ്കറിനും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്കും അയച്ചിട്ടുണ്ട്.
കൊൽക്കത്തയിലെ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട ആഗസ്ത് ഒൻപത് മുതൽ ജൂനിയർ ഡോക്ടർമാർ സമരത്തിലാണ്. കൊലപാതകത്തിനു ശേഷം പശ്ചിമ ബംഗാള് സര്ക്കാരിനെയും മുഖ്യമന്ത്രി മമതാ ബാനര്ജിയേയും വിമര്ശിച്ച് ഡോക്ടറുടെ പിതാവ് ഉൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു. പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ മമത രാജിസന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
നീതി ലഭ്യമാക്കുന്നതിൽ മമതയ്ക്ക് വീഴ്ച പറ്റിയെന്നു തരത്തിലുള്ള വാർത്തകളും നേരത്തെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജിസന്നദ്ധത അറിയിച്ച് മമത രംഗത്തെത്തിയത്.