കൊച്ചി
രോഗപ്രതിരോധത്തിൽമാത്രമല്ല, രോഗനിർണയത്തിലും ചികിത്സാവിധികളിലുമെല്ലാം കേരളം അഭൂതപൂർവമായ വളർച്ച കൈവരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇൻ വിട്രോ ഡയഗ്നോസ്റ്റിക്സ് (ഐവിഡി) നിർമാതാക്കളായ അഗാപ്പെ ഡയഗ്നോസ്റ്റിക്സിന്റെ കാക്കനാട് ഇൻഫോപാർക്കിലെ അത്യാധുനിക ഉപകരണനിർമാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൊച്ചി ലെ മെറിഡിയന് ഹോട്ടലില് നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മെയ്ക് ഇൻ കേരളയുടെ ഭാഗമായി ജാപ്പനീസ് കമ്പനിയുമായി ചേർന്ന് കേരള കമ്പനി നടപ്പാക്കുന്ന 100 കോടിയുടെ സംരംഭം ആരോഗ്യസംരക്ഷണമേഖലയിൽ സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന്റെ തെളിവാണ്. സംസ്ഥാനത്തെ വ്യാവസായികവളർച്ചയുടെ മികച്ച ഉദാഹരണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്ലിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അൽഷിമേഴ്സ്, അർബുദം, കരള്, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് കമ്പനി ഒരുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ ഫാക്ടറിയിലൂടെ സാധ്യമാക്കുന്നത്. മെഡിക്കൽ ഉപകരണനിർമാണ മേഖലയുടെ വളര്ച്ച ലക്ഷ്യമിട്ട് 27നും 28നുമായി തിരുവനന്തപുരത്ത് ബയോ കണക്ട് അന്താരാഷ്ട്ര കോണ്ക്ലേവ് സംഘടിപ്പിക്കുമെന്ന് ചടങ്ങില് സംസാരിച്ച വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
ബെന്നി ബെഹനാൻ എംപി, പി വി ശ്രീനിജിൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, അഗാപ്പെ എംഡി തോമസ് ജോൺ, ചെയർമാൻ ജോസഫ് ജോൺ, ഡയറക്ടർ മീന തോമസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, -എച്ച്-യു ഗ്രൂപ്പ് ഹോൾഡിങ്സ് ചെയർമാൻ ടകേചി ഷിഗേറ്റ്സു, ഫുജിറെബിയോ ഹോൾഡിങ്സ് പ്രസിഡന്റ് ഇഷികാവ ഗോകി എന്നിവരും പങ്കെടുത്തു.