ന്യൂഡൽഹി
ദേശീയ രാഷ്ട്രീയം നിർണായകഘട്ടത്തിൽ എത്തിനിൽക്കെ സീതാറാം യെച്ചൂരിയുടെ അകാല വിയോഗം സിപിഐ എമ്മിന് കനത്ത ആഘാതവും ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾക്ക് വേദനാജനകമായ നഷ്ടവുമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സിപിഐ എമ്മിന്റെ ഏറ്റവും ഉന്നതനേതാവായിരുന്ന അദ്ദേഹം ഇടതുപക്ഷത്തിന്റെ പ്രഗത്ഭനായ നായകനും പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി പാർടി കേന്ദ്രത്തിൽ നേതൃനിരയുടെ ഭാഗമായി പ്രവർത്തിച്ചുവന്ന അദ്ദേഹം കാലാകാലങ്ങളിൽ പാർടിയുടെ രാഷ്ട്രീയ നിലപാട് രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. പ്രിയ സഹപ്രവർത്തകന്റെ വിയോഗത്തിൽ, ചെങ്കൊടി താഴ്ത്തി പൊളിറ്റ്ബ്യൂറോ അനുശോചനം പ്രകടിപ്പിക്കുന്നു. ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കാനുള്ള പോരാട്ടം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ പാർടി പ്രവർത്തകരോട് പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു.