ന്യൂഡൽഹി> സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുനൽകും. ഇന്ന് എയിംസില് സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച വസന്ത് കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും.
ശനിയാഴ്ച ഡൽഹി എകെജി ഭവനിൽ അന്തിമോപചാര ചടങ്ങുകൾ നടക്കും. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ പൊതു ദർശനം. അതിന് ശേഷം സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസിലെ മെഡിക്കല് വിദ്യാര്ഥികളുടെ പഠനത്തിനായി വിട്ടുനല്കും.
നെഞ്ചിലെ അണുബാധയെത്തുടര്ന്ന് ഓൾ ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സില് (എയിംസ്) ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.05 മണിക്കായിരുന്നു മരണം. ആഗസ്ത് 19നാണ് അദ്ദേഹത്തെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചത്.
1974ല് എസ്എഫ്ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സീതാറാം യെച്ചൂരി ഒരു വര്ഷത്തിനുശേഷം സിപിഐ എം പാർടി അംഗമായി. ജെഎന്യുവില് വിദ്യാര്ഥി ആയിരിക്കെ അടിയന്തരാവസ്ഥക്കെതിരേ ചെറുത്തുനില്പ്പ് നടത്തിയതിന് 1975ല് അറസ്റ്റിലായി. അടിയന്തരാവസ്ഥക്കുശേഷം 1977- 78 കാലഘട്ടത്തില് മൂന്നുതവണ ജെഎന്യു വിദ്യാര്ഥി യൂണിയന് പ്രസിഡന്റായിരുന്നു. ജെഎന്യുവിൽ ഇടതുവിദ്യാർഥി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രകാശ് കാരാട്ടിനൊപ്പം നിര്ണായക പങ്കുവഹിച്ചു. 78ല് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി.
പാര്ടിയുടെ വിപുലീകരണമെന്നാൽ തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല. ജനകീയ പ്രശ്നങ്ങളും സമരങ്ങളും ഏറ്റെടുത്ത് സാന്നിധ്യം വര്ധിപ്പിക്കൽ കൂടിയാണ്. ഇടതുപക്ഷ രാഷ്ട്രീയം കെട്ടിപടുക്കേണ്ടതുണ്ട് എന്ന് ആവര്ത്തിച്ച് പ്രഖ്യാപിച്ച നേതാവായിരുന്നു സീതാറാം യെയ്യൂരി.
മികച്ച പ്രസംഗകനും രാഷ്ട്രീയ തന്ത്രജ്ഞനുമാണ്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, തെലുഗു, തമിഴ്, ബംഗാളി ഭാഷകളില് പ്രാവീണ്യം. 1984 മുതൽ പാർടി കേന്ദ്രകമ്മിറ്റിയിലും 1992 മുതല് പൊളിറ്റ്ബ്യൂറോയിലും എത്തി. 2005-17 കാലഘട്ടത്തിൽ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2015 ഏപ്രില് മുതല് പാര്ടി ജനറൽ സെക്രട്ടറി.
പാർടിയിലെ യുവരക്തം
1984ല് കാരാട്ടും യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാക്കളായി. 1985ലെ 12ാം പാര്ടി കോണ്ഗ്രസില് കാരാട്ടിനും എസ് രാമചന്ദ്രന് പിള്ളയ്ക്കുമൊപ്പം യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
1989ല് പിബിക്കു തൊട്ടുതാഴെ പുതുതായി അഞ്ചംഗ കേന്ദ്ര സെക്രട്ടേറിയറ്റ് രൂപവത്കരിക്കപ്പെട്ടപ്പോള് അതിലൊരാള് യെച്ചൂരിയായിരുന്നു. 1992ലെ 14ാം പാര്ടി കോണ്ഗ്രസില് കാരാട്ടിനും എസ്ആര്പിക്കുമൊപ്പം യെച്ചൂരിയും പിബിയിലെത്തി.
അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പാര്ടികളിലും ബന്ധങ്ങളുണ്ടായിരുന്ന യെച്ചൂരിയെ സോവിയറ്റ് യൂണിയനിലേക്കുള്ള പ്രതിനിധിസംഘത്തില് ഉള്പ്പെടുത്തിയത് ഇ എം എസ് ആയിരുന്നു. സുര്ജിത് സെക്രട്ടറിയായിരിക്കെ വിദേശ കമ്യൂണിസ്റ്റ് പാര്ടികളുമായി നിരന്തരസമ്പര്ക്കം പുലര്ത്താനും യെച്ചൂരിക്ക് അവസരമുണ്ടായി. ബംഗാള് മുന്മുഖ്യമന്ത്രി ജ്യോതിബസു ക്യൂബ സന്ദര്ശിച്ചപ്പോള് യെച്ചൂരിയായിരുന്നു കൂട്ടാളി. ലോകത്തിലെ ഇടതുപക്ഷ ദാർശനിക നിരയുമായി ബന്ധം പുലർത്തിയിരുന്ന നേതാവുമാണ്.
കോണ്ഗ്രസിനും ബിജെപിക്കും ബദലായി വിപി സിങ്, ദേവഗൗഡ, ഗുജ്റാള് സര്ക്കാരുകള് യാഥാര്ഥ്യമാക്കിയതിൽ സുര്ജിത്തിനൊപ്പം വലംകൈയായി യെച്ചൂരിയുണ്ടായിരുന്നു.
ഏറ്റവുമൊടുവില് 2004-ല് ബിജെപിയെ ഭരണത്തില്നിന്നകറ്റാനായി ഒന്നാം യുപിഎ സര്ക്കാരിന്റെ ശില്പിയായി സുര്ജിത് മാറിയപ്പോഴും യെച്ചൂരിയായിരുന്നു കൂട്ടത്തിൽ.
ദാർശനിക ബന്ധങ്ങൾ, വായന
അഞ്ച് ഭാഷകളില് അഗാധപാണ്ഡിത്യമുണ്ടായിരുന്ന യെച്ചൂരിക്ക് ആ പ്രാവീണ്യം രാഷ്ട്രീയത്തിലും ഗുണംചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുമായി അവരുടെ ഭാഷയില് സംവദിക്കാന് കഴിഞ്ഞു. ഇത് യെച്ചൂരി എന്ന നേതാവിന്റെ രാഷ്ട്രീയ ദർശനങ്ങളുടെ രൂപീകരണത്തിലും ജനപ്രീതിയിലും നിർണ്ണായകമായി. പാര്ലമെന്റ് കണ്ട ഏറ്റവും മികച്ച പ്രസംഗകരിലൊരാളായിക്കൂടിയാണ്.
ഇടതുവിദ്യാര്ഥി സംഘടനകള്ക്ക് ശക്തമായ വേരോട്ടമുണ്ടായിരുന്ന ജെഎന്യു കാമ്പസ് അടിയന്തരാവസ്ഥക്കാലത്ത് തിളച്ചുമറിഞ്ഞപ്പോള് അദ്ദേഹം തീപ്പൊരി നേതാവായി ഉയർന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയര്ത്തിയതിനെ തുടര്ന്ന് ഡോക്ടറേറ്റ് പൂര്ത്തിയാക്കുന്നതിന് മുന്പ് അറസ്റ്റിലായി. അന്നുമുതല്ക്കേ പ്രകാശ് കാരാട്ടുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ല് ആദ്യമായി നടന്ന വിദ്യാര്ഥി യൂണിയന് തിരഞ്ഞെടുപ്പില് എസ്എഫ്ഐ നേതാവ് ഡി പി ത്രിപാഠി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ വിജയത്തിന് പിന്നിൽ യെച്ചൂരി എന്ന യുവനേതാവും ഉണ്ടായിരുന്നു. തൊട്ടടുത്ത വര്ഷം അദ്ദേഹം എസ്എഫ്ഐ പ്രസിഡന്റായി. 1878-79 കാലയളവില് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും അദ്ദേഹമായിരുന്നു പ്രസിഡന്റ്. 1978-ല് അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി.
പാര്ടി ആസ്ഥാനം കൊല്ക്കത്തയില്നിന്ന് ഡല്ഹിയിലേക്ക് മാറ്റിയപ്പോള് മുതിർന്ന നേതാക്കൾക്ക് ഒപ്പം യെച്ചൂരി സാന്നിധ്യമായി. 1984-ല് കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവായി. 1985-ലെ 12-ാം പാര്ടി കോണ്ഗ്രസില് കാരാട്ടിനും എസ് രാമചന്ദ്രന് പിള്ളയ്ക്കുമൊപ്പം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് 34 വയസ്സായിരുന്നു യെച്ചൂരിയുടെ പ്രായം.
1992-ലാണ് പൊളിറ്റ്ബ്യൂറോയിലേക്കെത്തിയത്. അന്നും പൊളിറ്റ് ബ്യൂറോയിലെ ‘ചെറിയ കുട്ടി‘യായിരുന്നു നാല്പതുകാരനായ സീതാറാം യെച്ചൂരി. യെച്ചൂരിയോടൊപ്പം കേന്ദ്ര സെക്രട്ടേറിയറ്റിലെത്തിയതാണ് എംഎ ബേബി.
വിശാഖപട്ടണത്ത് 2015-ല് നടന്ന പാര്ടി കോണ്ഗ്രസിലാണ് സിപിഐ എമ്മിന്റെ അഞ്ചാമത് ജനറല് സെക്രട്ടറിയായി യെച്ചൂരി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2018-ല് ഹൈദരാബാദില് നടന്ന കോണ്ഗ്രസില് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2022 ഏപ്രിലില് കണ്ണൂരില് നടന്ന സമ്മേളനത്തിലാണ് തുടര്ച്ചയായ മൂന്നാം തവണ യെച്ചൂരി എത്തുന്നത്.
നേപ്പാളില് മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് മധ്യസ്ഥന് എന്ന നിലയില് യെച്ചൂരി നടത്തിയ ഇടപെടലുകള് വലിയ പ്രശംസയ്ക്കിടയാക്കിയിരുന്നു. യുപിഎ സര്ക്കാര് ഭരണത്തിലെ അഴിമതികളില് പലതും പാര്ലമെന്റില് ഉയര്ത്തിയതും അന്ന് രാജ്യസഭാംഗമായിരുന്ന യെച്ചൂരിയാണ്. ഒന്നാം യുപിഎ സര്ക്കാരും ഇടതുപക്ഷവുമായുള്ള ബന്ധത്തിലെ പ്രധാനകണ്ണിയായി പ്രവര്ത്തിച്ചതും അദ്ദേഹം തന്നെ. നരേന്ദ്ര മോദി സർക്കാരിലെ തെരഞ്ഞെടുപ്പ് അഴിമതിയായ ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധി നേടുന്നതും സീതാറാം യെച്ചൂരിയുടെ ഹരജിയിലാണ്.