വാഷിങ്ടൺ
യുഎൻ അംഗരാജ്യങ്ങൾക്കൊപ്പം പലസ്തീൻ പ്രതിനിധിയുടെയും സാന്നിധ്യത്തിൽ യുഎൻ പൊതുസഭയുടെ 79–ാം സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കമായി. പലസ്തീൻ സർക്കാരിന്റെ പ്രതിനിധിയായി റിയാദ് മൻസൂർ സമ്മേളനത്തിൽ പങ്കെടുത്തു. പലസ്തീന് സഭയിൽ ഇടം നൽകിയ നടപടിയെ ചരിത്രപരമെന്ന് ഈജിപ്തിന്റെ പ്രതിനിധി വിശേഷിപ്പിച്ചു. എന്നാൽ പലസ്തീന്റെ പങ്കാളിത്തം സഭയുടെ രാഷ്ട്രീയപക്ഷപാതിത്വമാണ് വെളിവാക്കുന്നതെന്ന് ഇസ്രയേൽ പ്രതിനിധി ആരോപിച്ചു. പലസ്തീന് പൊതുസഭയിൽ പങ്കെടുക്കുവാനുള്ള അനുവാദം നൽകുന്ന പ്രമേയം മേയിലാണ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയടക്കം 143 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. 193 അംഗരാജ്യങ്ങളുള്ള യുഎൻ പൊതുസഭയിൽ പലസ്തീൻ രാഷ്ട്രത്തിന് ഇതുവരെയും പൂർണ അംഗത്വം ലഭിച്ചിട്ടില്ല.