കഴിഞ്ഞ വർഷം ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പ് വൻ സാമ്പത്തിക നേട്ടമാണ് രാജ്യത്തിനുണ്ടാക്കിയതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ലോകകപ്പുമായി ബന്ധപ്പെട്ട് ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് കോടികൾ ഇന്ത്യയിലേക്ക് ഒഴുകിയെന്ന് ഐസിസി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന ‘മെഗാ ഇവന്റ്’ എക്കാലത്തെയും വലിയ ഏകദിന ലോകകപ്പാണെന്നും ഐസിസിക്ക് വേണ്ടി നീൽസൺ നടത്തിയ സാമ്പത്തിക വിലയിരുത്തലിൽ ചൂണ്ടിക്കാട്ടി. 2023 ലോകകപ്പിലൂടെ 1.39 ബില്യൺ യുഎസ് ഡോളർ (11,637 കോടി രൂപ) ഇന്ത്യ നേടിയെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ജെഫ് അലാർഡിസ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ഓസ്ട്രേലിയായണ് കപ്പുയർത്തിയത്. ഓസ്ട്രേലിയയുടെ ആറാം ഏകദിന ലോകകപ്പായിരുന്നു ഇത്.
മത്സരം കാണാനെത്തിയ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വൻതോതിലുള്ള ഒഴുക്കാണ് വരുമാനം ഉയരാൻ പ്രധാന കാരണം. കാണികളുടെ താമസം, യാത്ര, ഗതാഗതം, ഭക്ഷണ പാനീയങ്ങൾ എന്നിവയിലൂടെ ആതിഥേയ നഗരങ്ങളിലുടനീളം 861.4 ദശലക്ഷം ഡോളർ വരുമാനമുണ്ടായി.
റെക്കോർഡ് തകർത്ത് 1.25 ദശലക്ഷം കാണികൾ കഴിഞ്ഞ വർഷം ലോകകപ്പ് മത്സരങ്ങൾ കാണാനെത്തി. ഇതിൽ 75 ശതമാനത്തോളം ആളുകളും ആദ്യമായാണ് 50 ഓവർ മത്സരം കാണാനെത്തുന്നത്. ഇവരിൽ 55 ശതമാനത്തോളം ആളുകൾ പതിവായി ഇന്ത്യ സന്ദർശിച്ചിരുന്നവരാണ്. എന്നാൽ 19 ശതമാനത്തോളം ആളുകൾ ആദ്യമായി ഇന്ത്യയിലെത്തിയവരാണ്.
അന്താരാഷ്ട്ര യാത്രക്കാർ ഈ കാലയളവിൽ ഒന്നിലധികം വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. ഇത് 281.2 മില്യൺ യുഎസ് ഡോളർ സാമ്പത്തിക നേട്ടമുണ്ടാക്കി. നേരിട്ടുള്ള പങ്കാളിത്തത്തിലൂടെയും ഹോസ്പിറ്റാലിറ്റി മേഖലയിലുടനീളമുള്ള മറ്റു സ്ഥാപനങ്ങളിലൂടെയും 48,000-ത്തിലധികം തൊഴിലവസരങ്ങളും ലോകകപ്പ് സൃഷ്ടിച്ചതായി ഐസിസി പറഞ്ഞു.
Read More
- കെസിഎൽ; വിജയം ആവർത്തിച്ച് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്
- ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ ആദ്യ ഇന്ത്യൻ പ്രസിഡൻ്റായി രൺധീർ സിങ്
- ബാലൺ ഡി ഓർ നോമിനേഷൻ;ഇക്കുറി മെസ്സിയും റൊണാൾഡോയും ഇല്ല
- രാഹുൽ ദ്രാവിഡ് വീണ്ടും ഐപിഎല്ലിലേക്ക്; സഞ്ജുവിന്റെ ടീമുമായി കരാർ
- പാരാലിമ്പക്‌സ്: പൊന്നിൻ തിളക്കത്തിൽ നിതേഷ് കുമാർ
- പാരാലിമ്പിക്‌സ്;നിഷാദ് കുമാറിന് വീണ്ടും വെള്ളിതിളക്കം