കോഴിക്കോട്
വ്യവസായ സൗഹൃദപട്ടികയിൽ കേരളം ഒന്നാമതാകുമെന്ന തന്റെ പ്രവചനം യാഥാർഥ്യമായ അഭിമാനത്തിലാണ് ബാങ്കിങ് വിദഗ്ധനായ എസ് പ്രേംകുമാർ. കനറാബാങ്ക് ജനറൽ മാനേജരായി വിരമിച്ച പ്രേംകുമാർ കഴിഞ്ഞ വർഷമാണ് കേരളം രാജ്യത്ത് ഒന്നാമതാകുമെന്ന് പ്രവചിച്ചത്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയിലെ 30 വർഷത്തെ പ്രവർത്തന പരിചയത്തിലായിരുന്നു ആ പ്രഖ്യാപനം. 12 സംസ്ഥാനങ്ങളിൽ അദ്ദേഹം എംഎസ്എംഇ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. സംരംഭങ്ങളും തൊഴിൽസാധ്യതയും വിശദമായി പഠിച്ചതിൽനിന്നാണ് 2025ൽ വ്യവസായ സൗഹൃദ പട്ടികയിൽ കേരളം രാജ്യത്ത് ഒന്നാമതാകുമെന്ന് പ്രവചിച്ചത്. 2023ൽ സംസ്ഥാന ബാങ്കേഴ്സ് സമിതി (എസ്എൽബിസി) കൺവീനർ ആയിരുന്ന ഇദ്ദേഹം സംസ്ഥാന സർക്കാരിന്റെ മിഷൻ 1000 പരിപാടിക്കിടെയായിരുന്നു പ്രവചനം നടത്തിയത്. ആ വീഡിയോ വ്യവസായ മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. അന്ന് കോൺഗ്രസ്, ബിജെപി, മുസ്ലിംലീഗ് പ്രവർത്തകർ മോശമായി പ്രതികരിക്കുകയും ചീത്തവിളിക്കുകയും ചെയ്തു.
‘‘സർക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനത്തിലൂടെയാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ നമ്മൾ രാജ്യത്ത് ഒന്നാമതായത്. സർക്കാർ നടപ്പാക്കിയ സംരംഭക വർഷം, മിഷൻ 1000, കെ സ്ഫിഫ്റ്റ് തുടങ്ങിയവയിലൂടെ കേരളത്തിന്റെ വ്യവസായ സൗഹൃദം അന്നേ തിരിച്ചറിയാനായി’’–- പ്രേം കുമാർ പറഞ്ഞു. ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞവർഷങ്ങളിൽ എംഎസ്എംഇ വായ്പകളിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ കേരളം 17 ശതമാനം കടം നൽകി. അതിനർഥം അത്രയും സംരംഭങ്ങൾ ഇവിടെ ഉണ്ടായി എന്നാണ്. 10,000 –- 20,000 കോടി രൂപയുടെ നിക്ഷേപമാണ് വരുംവർഷങ്ങളിൽ പ്രതീക്ഷിക്കുന്നത്. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് പറഞ്ഞവർ ഇപ്പോൾ തിരുത്തുന്നത് നല്ല അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ചശേഷം കോഴിക്കോട് പുറക്കാട്ടിരിയിലാണ് താമസം.