കൊച്ചി
കേരളീയസമൂഹത്തിൽ പുരുഷന്മാരേക്കാൾ ഭൂരിപക്ഷമുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് സ്ത്രീപക്ഷ കാഴ്ചപ്പാടോടെ പരിഹാരം ഉണ്ടാകണമെന്ന് ഹൈക്കോടതി. അവരുടെ അന്തസ്സ് കളങ്കപ്പെടാൻ പാടില്ല. സിനിമയിൽ മാത്രമല്ല, ഏതു മേഖലയിലായാലും സ്ത്രീകളെ മാനിക്കാത്ത പ്രവണതയുണ്ടായാൽ സർക്കാർ ഇടപെടണമെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കുന്ന പ്രത്യേക ഡിവിഷൻ ബെഞ്ച് പരാമർശിച്ചു.
ലൈംഗികാതിക്രമം അടക്കം സ്ത്രീത്വത്തെ അപമാനിക്കുന്ന ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ടിലുണ്ട്. സമ്പൂർണ സാക്ഷരതയും സവിശേഷ സാമൂഹിക സാഹചര്യവുമുള്ള കേരളത്തിന് ഇത് യോജിച്ചതല്ല. തൊഴിൽപ്രശ്നങ്ങളടക്കം പഠിക്കാൻ വീണ്ടുമൊരു കമ്മിറ്റിയെ വയ്ക്കുന്ന സ്ഥിതിയുണ്ടാകരുത്. വിവിധ സമൂഹങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകൾ നേരിടുന്ന വിവേചനം പരിഹരിക്കാൻ നിയമനിർമാണം ആലോചിക്കണം. അസംഘടിതമോ സംഘടിതമോ എന്ന വേർതിരിവും ഇക്കാര്യത്തിൽ വേണ്ട. നിലവിലുള്ള നിയമങ്ങൾകൊണ്ട് പരിഹരിക്കാവുന്നവ ആ വിധത്തിലും ശേഷിക്കുന്നവ പുതിയ നിയമനിർമാണത്തിലൂടെയും പരിഹരിക്കണം.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട് പോഷ് ആക്ട് പ്രകാരം ഹൈക്കോടതിതന്നെ മുമ്പ് വിവിധ ഉത്തരവുകൾ നൽകിയിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടെയും പേരുപറയുന്നില്ലെന്നും സംഭവസ്ഥലങ്ങളും സമയവും വ്യക്തമല്ലെന്നും എ ജി പറഞ്ഞു. അജ്ഞാതൻ ആക്രമിച്ചെന്ന് സ്ത്രീ പരാതിപ്പെട്ടാൽ പൊലീസ് കേസെടുക്കാറില്ലേ എന്ന് കോടതി ചോദിച്ചു. റിപ്പോർട്ടിൽ നടപടി വേണ്ടിവരുമെന്നും പറഞ്ഞു.