ന്യൂഡൽഹി
ജമ്മുകശ്മീരിൽ 19 സീറ്റിൽകൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ 34 സീറ്റിൽ സ്ഥാനാർഥികളായി. ബിജെപിവിട്ട് കോൺഗ്രസിലെത്തിയ മുൻ മന്ത്രി ലാൽസിങ്, മുൻ എൻഎസ്യുഐ പ്രസിഡന്റ് നീരജ് കുന്ദൻ എന്നിവർ സ്ഥാനാർഥി പട്ടികയിലുണ്ട്. ജമ്മുവിലെ ബസോൾ മണ്ഡലത്തിലാണ് ലാൽ സിങ് മൽസരിക്കുക. ഉദ്ദംപ്പുർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ രണ്ടുവട്ടം ലോക്സഭയിലെത്തിയ ലാൽ സിങ് 2014 ലാണ് ബിജെപിയിൽ ചേർന്നത്. പിന്നീട് പിഡിപി–- ബിജെപി സർക്കാരിൽ മന്ത്രിയായി. 2024ൽ വീണ്ടും കോൺഗ്രസിലെത്തി.
പ്രചാരണത്തിനിറങ്ങാൻ
എൻജിനിയര് റാഷിദിന് ജാമ്യം
ഭീകര പ്രവര്ത്തനത്തിന് ഫണ്ട് നൽകിയെന്ന കേസിൽ ജയിലിലുള്ള ലോക്സഭാംഗം എൻജിനിയര് റാഷിദിന് ജമ്മു കശ്മീര് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒക്ടോബര് രണ്ട് വരെയാണ് ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിലിൽ കിടന്ന് മത്സരിച്ച റാഷിദ് ബാരാമുള്ളയിൽ മുൻമുഖ്യമന്ത്രിയും നാഷണൽ കോ
ൺഫറൻസ് നേതാവുമായ ഒമര് അബ്ദുള്ളയെയാണ് തോൽപ്പിച്ചത്. റാഷിദിന്റെ അവാമി ഇത്തിഹാദ് പാര്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്ഥിയെ നിര്ത്തി. ഇത് ബിജെപി വിരുദ്ധ വോട്ടുകള് ഭിന്നിപ്പിക്കുമെന്ന ആശങ്ക ശക്തമാക്കി.