തിരുവനന്തപുരം
സംസ്ഥാനത്തെ ഉൾഗ്രാമങ്ങളിൽ വരെ അതിവേഗ 5ജി സേവനം എത്തിച്ച് കേരളം വീണ്ടും രാജ്യത്തിനു വഴികാട്ടുന്നു. ആദ്യഘട്ടത്തിൽ പാലക്കാട് അട്ടപ്പാടിയിലടക്കം അഞ്ചു ഗ്രാമങ്ങളിലാണ് എയർ ഫൈബർ സാങ്കേതിക വിദ്യയിൽ അതിവേഗ 5 ജി സേവനം ഒരുങ്ങുന്നത്. നിലവിൽ സംസ്ഥാനത്ത് ആയിരത്തി ഇരുനൂറോളം തദ്ദേശീയ സങ്കേതങ്ങളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്.
അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ടമേട്, ചിറ്റൂർ, വയനാട് പുൽപ്പള്ളി മേലേക്കാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നീ കേന്ദ്രങ്ങളിലെ സമൂഹ്യ പഠനമുറികളിലും അംഗൻവാടികളിലുമാണ് 5 ജി സൗകര്യം ഒരുക്കിയത്. ഇതിന്റെ ഉദ്ഘാടനം ബുധൻ രാവിലെ 11.30ന് പട്ടിക വിഭാഗ -പിന്നാക്ക ക്ഷേമ മന്ത്രി ഒ ആർ കേളു നിർവഹിക്കും. അഞ്ചു കേന്ദ്രങ്ങളിലെയും സാമൂഹ്യ പഠനമുറികളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ഒരുക്കിയാണ് ഓൺലൈൻ ഉദ്ഘാടനം. പട്ടികവർഗ വികസന വകുപ്പും റിലയൻസ് ജിയോയുമായി സഹകരിച്ചാണ് പദ്ധതി. കേബിളുകളുടെ സൗകര്യമില്ലാതെ പ്രവർത്തിക്കുന്നതിനാൽ മോശം കാലാവസ്ഥയിലും സേവനം ഉറപ്പാക്കാനാകും. തദ്ദേശീയ ഗ്രാമങ്ങളിലെ വിദ്യാർഥികൾക്കും മുതിർന്നവർക്കുമുള്ള വിദ്യാഭ്യാസ, ആരോഗ്യ ക്ലാസ്, തൊഴിൽ പരിശീലനം തുടങ്ങി വിവിധ പ്രവർത്തനം ഇതുവഴി നടത്താനാകും. ഉദ്ഘാടന യോഗത്തിൽ പട്ടികവർഗ ഡയറക്ടർ ഡോ. രേണുരാജ്, ജിയോ കേരള തലവൻ കെ സി നരേന്ദ്രൻ തുടങ്ങിയവരും പങ്കെടുക്കും. സേവനം ലഭ്യമാക്കുന്ന കേന്ദ്രങ്ങളിൽ ജനപ്രതിനിധികളും ഗ്രാമസഭ തലവന്മാരും പങ്കെടുക്കും.