ഫരീദാബാദ്> ഹരിയാന തെരഞ്ഞെടുപ്പിൽ ഗോരക്ഷാ ഗുണ്ട ബിട്ടു ബജ്റംഗി എന്ന രാജ്കുമാർ പഞ്ചൽ സ്ഥാനാർത്ഥി. ഫരീദാബാദ് എൻഐടി നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായാണ് ഇയാൾ മത്സരിക്കുന്നത്.
നൂഹ് അക്രമക്കേസിലും ഇയാൾ പ്രതിയാണ്. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. തിങ്കളാഴ്ച ഇയാൾ നാമനിർദേശ പത്രിക സമർപ്പിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ വിക്രം സിംഗ് സ്ഥിരീകരിച്ചു.
ബിട്ടു ബജ്റംഗി നിരവധി കേസുകളിലെ പ്രതിയായിരുന്നു. 2023 ജൂലൈയിൽ ഹരിയാനയിലെ നൂഹിൽ നടന്ന വർഗീയ കലാപവുമായും ഇയാൾക്ക് ബന്ധമുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ബിട്ടു ബജ്റംഗി കഴിഞ്ഞ ഏപ്രിലിൽ ജാമ്യത്തിലറങ്ങി ഫരീദാബാദിൽ ഒരു യുവാവിനെ പൊലീസ് ഉദ്യോഗസ്ഥർക്കു മുന്നിലിട്ട് ആക്രമിച്ചിരുന്നു. ഈ സംഭവത്തിലും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
മുസ്ലിമാണെന്ന് പറഞ്ഞായിരുന്നു ബജ്റംഗിയും സംഘവും യുവാവിനെ ആക്രമിച്ചത്. നൂഹിലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട് 2023 ആഗസത് 15നാണ് ബിട്ടു ബജ്റംഗിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വർഗീയ സംഘർഷം ആളിക്കത്തിക്കുന്ന രീതിയിലുള്ള പ്രകോപനപരമായ വീഡിയോകൾ പുറത്തുവിട്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ആഗസത് 30ന് ഇയാൾക്ക് ജാമ്യം ലഭിച്ചു.
നൂഹ് കലാപത്തിൽ ആറു പേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് നൂഹ്. ഇവിടെ ബജ്റംഗ്ദൾ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. കലാപവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പൊലീസും 79 പേരെ ഗുരുഗ്രാം പൊലീസും അറസ്റ്റ് ചെയ്തിരുന്നു.