ന്യൂയോർക് > ഹോളിവുഡ് നടൻ ജെയിംസ് ഏൾ ജോൺസ് (93) അന്തരിച്ചു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ഡച്ചസ് കൗണ്ടിയിലെ വസതിയിലായിരുന്നു അന്ത്യം. സ്റ്റാർ വാർസിലെ വില്ലൻ ഡാർത്ത് വാഡർ, ലയൺ കിങ്ങിലെ മുഫാസ എന്നീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് ജെയിംസ് ഏൾ ജോൺസായിരുന്നു. എമ്മി, ഗ്രാമി, ഓസ്കർ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
നാടകത്തിലൂടെയാണ് ജോൺസ് അഭിനയരംഗത്തെത്തുന്നത്. സ്റ്റാൻലി കുബ്രിക്കിന്റെ സംവിധാനത്തിൽ 1964ൽ പുറത്തിറങ്ങിയ ഡോ. സ്ട്രേഞ്ച്ലവ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 1970ലെ ദ ഗ്രേറ്റ് വൈറ്റ് ഹോപ് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്ലോഡീൻ (1974), കോനൻ ദി ബാർബേറിയൻ (1982), ഫീൽഡ് ഓഫ് ഡ്രീംസ് (1989), ദ സാൻഡ്ലോട്ട് (1993) എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. ദി ലയൺ കിംഗ് (1994 ). സ്റ്റാർ വാർസ്; ദ റൈസ് ഓഫ് സ്കൈ വാക്കർ (2019), ദി ലയൺ കിംഗ് (2019), കമിംഗ് 2 അമേരിക്ക (2021) എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി.