തിരുവനന്തപുരം > തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചു. ഗ്രൗണ്ട് ഹാൻഡിലിങ് ജീവനക്കാരുടെ പണിമുടക്കാണ് ഒത്തുതീർപ്പാക്കിയത്. ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു. ശമ്പള വർധനവും ബോണസും ആവശ്യപ്പെട്ടായിരുന്നു ജീവനക്കാരുടെ സമരം.
റീജിയണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ജീവനക്കാർക്കുള്ള ബോണസ് ആയിരം രൂപ വർധിപ്പിച്ച് 18000 രൂപയാക്കി. ലോഡിങ് തൊഴിലാളികൾക്ക് 2700 രൂപ ശമ്പളം വർധിപ്പിച്ചത്. പുഷ്ബാക്ക് ഡ്രൈവർമാരുടെ ശമ്പളം 1100 മുതൽ 2100 വരെ വർധന. സമരം വിജയമെന്ന് സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു.
ശമ്പള പരിഷ്കരണം നടപ്പാക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.
സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ശനി രാത്രി 10 മുതലാണ് സമരം ആരംഭിച്ചത്. കേന്ദ്ര ലേബർ കമീഷണരുടെ സാന്നിധ്യത്തിൽ നിരവധി തവണ ചർച്ച നടന്നെങ്കിലും ശമ്പള പരിഷ്കരണം നടത്താനോ ബോണസ് തീരുമാനിക്കാനോ മാനേജ്മെന്റ് തയ്യാറായില്ല. തുടർന്നാണ് സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ബിഎംഎസ് എന്നീ സംഘടനകൾ സമരം നടത്താൻ തീരുമാനിച്ചത്. പണിമുടക്കിനെത്തുടർന്ന് സർവീസുകൾ വൈകി.